വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനിടെ കോട്ടയം സി.എം.എസ് കോളജിൽ സംഘർഷം; പൊലീസ് ലാത്തി വീശി
text_fieldsകോട്ടയം: കോട്ടയത്ത് സി.എം.എസ് കോളജിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. കോളജിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. എസ്.എഫ്.ഐ-കെ എസ്.യു പ്രവർത്തകർ കോളജിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടുകയാണ്.
തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ എസ്.എഫ്.ഐ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു കാമ്പസിൽ പ്രതിഷേധമുയർത്തി.ക്ലാസ് റെപ്രസെന്റേറ്റീവ് തെരഞ്ഞെടുപ്പിൽ കെ.എസ്.യു മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ എസ്.എഫ്.ഐ മനഃപൂർവം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് കെ.എസ്.യുവിന്റെ ആരോപണം.
ആദ്യഘട്ടത്തിൽ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന ക്ലാസ് റപ്രസന്റേറ്റീവുകളാണ് ചെയർമാൻ അടക്കമുള്ള പ്രധാന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു പ്രവർത്തകർ കാമ്പസിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെ വൻ സന്നാഹമാണ് ഇവിടെ എത്തിയിരിക്കുന്നത്.
ഇരു കൂട്ടരും പ്രകോപനം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തകരെ സ്ഥലത്തു നിന്നും നീക്കം ചെയ്യാൻ പൊലീസും ഇടപെടുന്നുണ്ട്. കഴിഞ്ഞ 25 വർഷമായി എസ്.എഫ്.ഐ യുടെ കുത്തകയാണ് സി.എം.എസ് കോളജിലെ വിദ്യാർഥി യൂനിയൻ. സംഘർഷാവസ്ഥ തുടരുന്നതിനാൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇതുവരെയുണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.