ഷര്‍ട്ടിന്റെ ബട്ടനിടുന്നതിനെച്ചൊല്ലി മർദനം; കൊണ്ടോട്ടിയിൽ റാഗിങ്ങിനിരയായി ഒമ്പതാം ക്ലാസ് വിദ്യാർഥി ചികിത്സയിൽ
text_fieldsപുളിക്കല്‍ (മലപ്പുറം): പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ചികിത്സയില്‍. കൊട്ടപ്പുറം ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥിയായ തലേക്കര ചോലേമാട് സ്വദേശി പി. മുഹമ്മദ് ലബീബാണ് (14) പരിക്കേറ്റ് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. മേൽച്ചുണ്ട് മുറിഞ്ഞ വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്കു വിധേയനാക്കി. രക്ഷിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച സ്‌കൂള്‍ ഇന്റര്‍വെല്‍ സമയത്താണ് സംഭവം. ക്ലാസിലിരിക്കുകയായിരുന്ന ലബീബിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ശുചിമുറിയിലേക്ക് തള്ളുകയും ഒരു വിദ്യാര്‍ഥി മര്‍ദിക്കുകയുമായിരുന്നു. മേല്‍ച്ചുണ്ടില്‍ വലിയ മുറിവുണ്ടായി രക്തം ചീറ്റിയതോടെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. ഷര്‍ട്ടിന്റെ ബട്ടനിടുന്നതുമായി ബന്ധപ്പെട്ട് നേരത്തേ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതേച്ചൊല്ലിയായിരുന്നു മര്‍ദനമെന്നും ലബീബ് പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിതാവ് സക്കരിയ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വിദ്യാലയ അധികൃതരും പരാതി നല്‍കിയിട്ടുണ്ട്. മര്‍ദിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയതായും അന്വേഷണ വിധേയമായി സ്കൂളിൽനിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും തിങ്കളാഴ്ച പി.ടി.എ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രഥമാധ്യാപിക ഡി.ബി. യാങ്‌സി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.