'ഒരു വിഭാഗത്തിന്റെ വക്താവാകുന്നു'; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: സഭാ തര്‍ക്കത്തിെൻറ വിവിധ വശങ്ങള് സമഗ്രമായി പരിഗണിച്ചുള്ള പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഭരണഘടനപരമായ ചുമതലയുള്ള മുഖ്യമന്ത്രി ഒരുവിഭാഗത്തിെൻറ വക്താവായി സംസാരിക്കുന്നത് ഖേദകരമാണ്. പദവിക്കുനിരക്കാത്ത പക്ഷപാതമാണ് കാണിച്ചത്. ഒരുസഭയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇതരസഭകള്‍ ഇടപെടുന്ന ശൈലി മുമ്പ് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി അതിനും വഴിയൊരുക്കി. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും.
കേരള പര്യടന പരിപാടിക്കിടെ കഴിഞ്ഞ ദിവസം മലപ്പുറത്ത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗമായ വൈദികന് സഭാ തര്‍ക്കം സംബന്ധിച്ച് ചോദിച്ച ചോദ്യത്തിന് ഓര്‍ത്തഡോക്സ് സഭയുടെ വീഴ്ചകള്‍ എന്ന നിലയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതവിരുദ്ധവും തെറ്റിദ്ധാരണജനകവുമായ പ്രതികരണങ്ങള്‍ക്ക് കാരണമാകും. ഒത്തുതീര്‍പ്പുകള്‍ക്ക് സഭ വഴിപ്പെടുന്നില്ല എന്നതാണ് പ്രധാന കുറ്റമായി പറഞ്ഞത്. പാത്രിയാര്‍ക്കീസ് വിഭാഗവുമായുള്ള പ്രശ്നം പരിഹരിക്കാൻ ഓര്‍ത്തഡോക്സ് സഭ എത്രവട്ടം ചര്‍ച്ചകളില്‍ പങ്കാളിയായി എന്ന് അദ്ദേഹത്തിന് പരിശോധിക്കാവുന്നതേയുള്ളൂ. സഭാംഗങ്ങളില്‍ ആരുടെയും മൃതദേഹ സംസ്കാരം ഓര്‍ത്തഡോക്സ് സഭ തടഞ്ഞിട്ടില്ല– മെത്രാപ്പോലീത്ത പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.