മുഖ്യമന്ത്രിയെ തടഞ്ഞസംഭവം: ഗൂഡാലോചനക്കുറ്റം ചുമത്തി, വിട്ടുകൊടുത്ത ഫോൺ തിരിച്ചുവാങ്ങി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ സംഭവിച്ച പാളിച്ചകൾ പരിഹരിക്കാൻ പൊലീസ്. പ്രതിക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു.
ആരുമായാണ് ഗൂഡാലോചന നടത്തിയതെന്ന് റിപ്പോർട്ടിലില്ല. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മനഃപൂര്‍വം ആക്ഷേപിക്കാൻ ഗുഢാലോചന നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയതെന്നാണ് പൊലീസ് ഭാഷ്യം.
അതിനാൽ സംഭവത്തിൽ കൂടുതൽ പേരുടെ പങ്കാളത്തിവും അന്വേഷിക്കും. അതിനിടെ കഴിഞ്ഞദിവസം പ്രതി ചേന്തി അനിലിന്റെ ഫോൺ ബന്ധുക്കൾക്ക് കൈമാറിയത് വിവാദമായതിന് പിന്നാലെ തിരികെ സ്റ്റേഷനിൽ ഹാജരാക്കി. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതരവീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രൊഡക്ഷൻ വാറണ്ടിനൊപ്പം സമർപ്പിച്ചില്ലെന്ന ആക്ഷേപവും ഉയരുകയാണ്. പുതുതായി ഗൂഡാലോചനക്കുറ്റം ചുമത്തിയെങ്കിലും പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ആദ്യം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടാകും കോടതി പരിഗണിക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുള്ള അസാധാരണ നടപടിയും പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ആദ്യം മുതൽ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള ആക്ഷേപമാണ് നിലവിലുള്ളത്. പ്രതിയെ രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും കേസ് പിന്നീട് കൈകാര്യം ചെയ്തതിൽ പൊലീസിന് ഗുരുതര വിഴ്ചയെന്നാണ് ആരോപണം.
സംഭവം നടന്നയുടൻ പ്രതിയെ കസ്റ്റഡിയിലെടുത്തില്ല എന്നതും പാളിച്ചയായി ചൂണ്ടിക്കാട്ടപ്പെട്ടു. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിൽ 43 -ാം പേരുകരാനാണ് ചേന്തി അനിൽ. മുഖ്യമന്ത്രിയെ സമൂഹമധ്യത്തിൽ അവഹേളിക്കുകയെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് റോഡിൽ തടഞ്ഞതെന്ന് എഫ്.ഐ.ആറിലുണ്ട്. അനിലിന്റെ ജാമ്യാപേക്ഷയിൽ പ്രാഥമിക വാദം നടന്നപ്പോള്‍ സര്‍ക്കാർ അഭിഭാഷക മൃദു സമീപനം സ്വീകരിച്ചതും വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നതാണ് പ്രതിക്കെതിരെ ചുമത്തിയ ഏക ജാമ്യമില്ലാകുറ്റം. എന്നാല്‍ ചെമ്പഴത്തി ഗുരുകുലത്തിലെ ചടങ്ങ് ഔദ്യോഗിക ചടങ്ങല്ലെന്നും അത് കൊണ്ട് തന്നെ ഔദ്യോഗിക ജോലി തടസ്സപെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിയുടെ പ്രധാന വാദം.
എന്നാല്‍ ഈ വാദം തെറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള മറുവാദങ്ങളൊന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതോടെയാണ് ജാമ്യ ഹരജിയെ എതിര്‍ത്ത് വിശദമായ റിപ്പോർട്ട് നൽകിയിട്ടുള്ളത്. കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഹരജി പിന്നീട് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ചേന്തി അനിലിനെ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

