അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരപരിധിക്ക് പുറത്തുള്ള അന്വേഷണം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നയപരമായകാര്യങ്ങൾ ചെയ്യുന്നതിൽ സർക്കാറിെൻറ അധികാരം അടിയറവെക്കില്ല. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിയമപ്രമായ ഇടപെടല്‍ നടത്തും. മൊഴികൾ ചോരുന്നത് സെലക്ടീവാണെന്നും സ്വതന്ത്ര മേലങ്കിയിട്ട ചില മാധ്യമങ്ങൾ വിധ്വംസക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ നേരത്തേ മുഖ്യമന്ത്രി പിന്തുണക്കുകയും ശരിയായ ദിശയിലാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇൗ നിലപാട് മാറ്റിയാണ് കടുത്ത വിമർശനവുമായി രംഗത്തുവന്നത്.
കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാർ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇത് ഫെഡറലിസത്തിന് എതിരാണ്. സംസ്ഥാന സര്‍ക്കാറിനെ കുറ്റവാളിയെന്നനിലയിൽ കാണുന്നത് കൊളോണിയല്‍ സമീപനത്തിെൻറ അവശിഷ്ടമാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയനേതൃത്വത്തെ കരിവാരിത്തേക്കുകയും ചെയ്യുന്ന ജോലിയല്ല അന്വേഷണ ഏജന്‍സികള്‍ ചെയ്യേണ്ടത്.
തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നീങ്ങുന്നത് ജനാധിപത്യ സംവിധാനത്തിന് തിരിച്ചടിയാകും. ഇങ്ങനെയൊരു രീതി പ്രതീക്ഷിച്ചല്ല സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അധികാരപരിധിക്കപ്പുറം ഇടപെടൽ നടത്തുന്നു. കള്ളപ്പണത്തിനപ്പുറമുള്ള അധികാരമൊന്നും ഇ.ഡിക്കില്ല. ചിലർ ആഗ്രഹിക്കുന്ന വഴിയിലാണ് അന്വേഷണ ഏജൻസികൾ നീങ്ങുന്നത്.
ഏജൻസികൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾ പുറത്തുള്ള ചിലർ മുൻകൂട്ടി പ്രഖ്യാപിക്കുന്നു. മുൻവിധിയോടെ ആകരുത് അന്വേഷണം.
പ്രത്യേക ആളെയോ പ്രത്യേക വിഭാഗത്തെയോ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്ന ലക്ഷ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ അന്വേഷണമല്ല. ദുരുദ്ദേശ്യത്തോടെയുള്ള മറ്റെന്തോ ആയി അത് മാറും. ലൈഫ് പദ്ധതിയെ ആകെ താറടിക്കാനാണ് ഏജൻസികളുടെ ശ്രമം. എന്ത് സംഭവിച്ചാലും കെ ഫോൺ നടപ്പാക്കും. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇൻറർനെറ്റ് നൽകിയിരിക്കും. നാടിെൻറ മുന്നോട്ടുള്ള വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനുള്ള ജനശക്തിയെ ആരും കുറച്ചുകാേണണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.