വയനാട് പുനരധിവാസം: ആശങ്ക വേണ്ട, ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ ആശങ്ക വേണ്ടെന്നും ദുരന്തബാധിതർക്ക് 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുനരധിവാസത്തിനായി 402 കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഫേസ് വണ്‍, ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ സഹായമായി 15 ലക്ഷം രൂപ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തിട്ടുണ്ട്. അപ്പീല്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചു.
ദുരിതാശ്വാസ നിധിയില്‍ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 104 ഗുണഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപ നല്‍കി. ബാക്കി 295 ഗുണഭോക്താക്കള്‍ വീടിന് സമ്മതപത്രം നല്‍കി. കൃഷി നഷ്ടവുമായി ബന്ധപ്പെട്ട് ഇനിയും പലകാര്യങ്ങള്‍ ചെയ്യാനുണ്ട്. 526 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. അത് സഹായമല്ല, വായ്പയാണ്. ചൂരല്‍മല സേഫ് സോണ്‍ റോഡും വൈദ്യുതിയും പുനഃസ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി. സംഘടനകളില്‍നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്. വയനാട് പുനരധിവാസം ഏതു തീയതിയാണോ പറഞ്ഞിരിക്കുന്നത് അന്നുതന്നെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എരുമപ്പെട്ടി - കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ട്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
എന്നാല്‍ അടിയന്തരാവസ്ഥകാലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തി. റോജി.എം.ജോണാണ് മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥ കാലത്തെ പ്രസംഗം ഓര്‍മ്മിപ്പിച്ചത്. സുജിത്തും വര്‍ഗീസും നിയമപോരാട്ടം നടത്തിയെന്നും ആഭ്യന്തരവകുപ്പ് എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷം ചോദിച്ചു. സ്ഥലം മാറ്റം എന്നത് പണിഷ്‌മെന്റ് ആണോ. ക്രൂരമായ മര്‍ദനത്തിന്റെ വിഡിയോ കേരളം കണ്ടതിന്റെ ജാള്യത മറക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും റോജി എം. ജോണ്‍ പറഞ്ഞു.
പേരൂര്‍ക്കട വ്യാജമാല മോഷണക്കേസില്‍ ബിന്ദുവിന്റെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍ക്കുന്ന തരത്തിലാണ് പോലീസ് ഇടപെട്ടത്. 20 മണിക്കൂറിലധികം ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചു. വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍നിന്ന് എടുത്തു നല്‍കി. ചിറയിന്‍കീഴ് കേസില്‍ മുളകുപൊടി സ്‌പ്രേ അടിച്ചു. എല്ലാം പഴയ കഥയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പോലീസിനെ സംരക്ഷിക്കുന്നു. ആരാണ് ഇതിന് അനുമതി നല്‍കിയത്. ഡിവൈ.എസ്.പി മധുവിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും റോജി.എം.ജോണ്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.