മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: കമ്പനി നൽകിയത് 19.88 ലക്ഷം; സ്പോൺസർഷിപ്പ് രേഖകൾ പുറത്ത്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് മുഖ്യമന്ത്രി നടത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് വഹിച്ചത് ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്. ഇത് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ജിഎസ്ടി ഉൾപ്പെടെ 19,88,595 രൂപയാണ് യാത്രക്കായി കമ്പനി നൽകിയത്.
കേളചന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് ഈ യാത്രക്കായി ഉപയോഗിച്ചത്. യാത്രാച്ചെലവ് ഒരു മലയാളി വ്യവസായി വഹിച്ചതാണെന്ന മുഖ്യമന്ത്രിയുടെ മുൻ വിശദീകരണത്തിന് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവന്ന പുതിയ രേഖകൾ.
മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന്റെ കരാർ ഏജൻസിയും ചിപ്സൺ ഏവിയേഷൻ തന്നെയായിരുന്നു.മൂന്ന് വർഷത്തെ ഹെലികോപ്റ്റർ വാടക കരാറിന്റെ കാലാവധി അടുത്തിടെയാണ് അവസാനിച്ചത്.
ഹെലികോപ്റ്റർ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ വരാനിരിക്കുന്ന ഘട്ടത്തിലാണ് ഒരു സ്വകാര്യ ഏവിയേഷൻ കമ്പനി തന്നെ മുഖ്യമന്ത്രിയുടെ യാത്രക്കായി പണം നൽകിയത് എന്ന ആക്ഷേപമാണ് ശക്തമാകുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികാരണം ഖജനാവിന് യാതൊരു ചെലവും വരുത്താതെ, പരിചയക്കാരനായ ഒരു വ്യക്തിയാണ് വിമാനം ഏർപ്പാടാക്കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻ നിലപാട്.
മുഖ്യമന്ത്രിയുടെ സ്വകാര്യ ചാർട്ടേഡ് വിമാനത്തിലെ സൗജന്യ യാത്ര അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് അഭിഭാഷകൻ അരുൺ കുമാർ ആരോപിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാൾ സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സൗജന്യങ്ങൾ സ്വീകരിക്കുന്നത് നിയമപരമായി ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 11 പ്രകാരം, സർക്കാർ പരിഗണിക്കുന്ന വിഷയങ്ങളുമായി ബന്ധമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പ്രതിഫലമില്ലാതെ വിലപ്പെട്ട വസ്തുവോ ആനുകൂല്യമോ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

