ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി ശിവൻകുട്ടി ചടങ്ങിനെത്തിയത്
text_fieldsതിരുവനന്തപുരം: ഭരണഘടനക്ക് പുറത്തുള്ള കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാല്‍ ഇറങ്ങിപ്പോകാന്‍ മാത്രമേ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്ഭവനിലെ പരിപാടിയില്‍ ആർ.എസ്.എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിളക്കുകൊളുത്താതെ ഇറങ്ങിപ്പോയ മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന ഗവര്‍ണര്‍ ആര്‍ലേക്കറിന്റെ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം അവസരത്തില്‍ ഒരുമന്ത്രി എങ്ങനെ പെരുമാറുമോ അതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. മന്ത്രി വി. ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിനെത്തിയത്. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക ഔപചാരിക പരിപാടികളില്‍ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടര്‍ന്നും ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്കിയ മറുപടിയില്‍ പറയുന്നു.
ഇത് രണ്ടാംതവണയാണ് ഭരണഘടനക്ക് പുറത്തുള്ള ചിഹ്നങ്ങള്‍ രാജ്ഭവനില്‍ ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ ഗവര്‍ണറോട് വിയോജിപ്പ് അറിയിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടി തന്നോട് അനാദരവ് കാട്ടി എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആര്‍ലേക്കര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നേരത്തെ മന്ത്രി പി. പ്രസാദ് രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തെ തുടര്‍ന്നാണ് അന്ന് പങ്കെടുക്കാതിരുന്നത്. കഴിഞ്ഞദിവസം മന്ത്രിസഭ ചേര്‍ന്ന് ഔദ്യോഗിക ചടങ്ങുകളില്‍ അനൗദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.