കേരള ബാങ്കിലെ കൂട്ട സ്ഥിരപ്പെടുത്തൽ നിർദേശം സഹകരണ സെക്രട്ടറി മടക്കി
text_fieldsതിരുവനന്തപുരം: കേരള ബാങ്കിൽ 1850 ദിവസവേതന-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സമർപ്പിച്ച നിർദേശം സഹകരണ വകുപ്പ് മടക്കി. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇൗ നിയമനങ്ങൾ അംഗീകരിച്ചേക്കുമെന്ന സൂചനകൾ വന്നിരുന്നു. എന്നാൽ ബാങ്ക് ഫെബ്രുവരി അഞ്ചിന് സമർപ്പിച്ച കൂട്ട സ്ഥിരപ്പെടുത്തൽ നിർദേശം ഒമ്പതിന് സഹകരണ സെക്രട്ടറി മടക്കുകയായിരുന്നു.
സഹകരണ രജിസ്ട്രാർ അറിയാതെയാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സർക്കാറിൽ സ്ഥിരപ്പെടുത്തൽ ശിപാർശ സമർപ്പിച്ചത്. കൂട്ടത്തോടെ ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത സംബന്ധിച്ച ഒരു പഠനവും നടത്തിയതായി കാണുന്നിെല്ലന്ന് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
സഹകരണ രജിസ്ട്രാർ ഇക്കാര്യം പരിശോധിക്കുകയോ, ശിപാർശ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരത്തിൽ കൂട്ട സ്ഥിരപ്പെടുത്തൽ നിർദേശം അയക്കുംമുമ്പായി വിശദമായ പഠനം നടത്തേണ്ടതായിരുന്നു. അതും ഉണ്ടായില്ല.
ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചതിനുശേഷം വേണം ഫയൽ വീണ്ടും സമർപ്പിക്കാനെന്നും സഹകരണ സെക്രട്ടറി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ ഇനി നിർദേശം സർക്കാറിലേക്ക് സമർപ്പിക്കാനാകൂ. സ്ഥിരപ്പെടുത്തൽ നിർദേശങ്ങൾ അടക്കം പരിഗണിക്കാൻ ഫെബ്രുവരി 15ന് മന്ത്രിസഭ ചേരുന്നുണ്ട്. അതിൽ കേരള ബാങ്കിലെ കൂട്ട സ്ഥിരപ്പെടുത്തൽ വരുമോ എന്ന് ഉറപ്പായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.