കപ്പൽ ഉയർത്തൽ അടുത്ത പ്രധാന ദൗത്യം; അതിവേഗ രക്ഷാപ്രവർത്തനവുമായി കോസ്റ്റ് ഗാർഡും നാവിക സേനയും
text_fieldsകൊച്ചി: ദ്രുതഗതിയിൽ ജാഗ്രതയോടെയുള്ള ഇടപെടലാണ് കപ്പൽ അപകടത്തെ തുടർന്ന് കോസ്റ്റ് ഗാർഡും നാവിക സേനയും നടത്തിയത്. രക്ഷാപ്രവർത്തനത്തിനെത്തണമെന്ന് അഭ്യർഥിച്ചുള്ള സന്ദേശം എത്തിയ ഉടൻ സംഭവ സ്ഥലത്തേക്ക് ഇരു സേനാ വിഭാഗവും കുതിച്ചെത്തി. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ (70.376 കിലോമീറ്റർ)യാണ് അപകടം നടന്നത്. ഉടൻ പറന്നെത്തിയ കോസ്റ്റ്ഗാർഡിന്റെ ചെറു ഡോണിയർ വിമാനങ്ങൾ നിരീക്ഷണപറക്കൽ നടത്തി.
ഇതിനിടെ ഒൻപത് ജീവനക്കാർ കടലിൽ ചാടിയതായി സ്ഥിരീകരിച്ച് അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. കോസ്റ്റ് ഗാർഡ്, നാവിക സേന കപ്പലുകൾ, ബോട്ടുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകീട്ട് ആറരയോടെ 21 പേരുടെ ജീവൻ സുരക്ഷിതമാക്കി. ബാക്കിയുള്ള മൂന്നുപേർ ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന വിവരം ഏഴ് മണിയോടെ പുറത്തുവന്നു. കൊച്ചിയിലെത്തിയ ശേഷം തൂത്തുക്കുടിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു കപ്പൽ.
ഡോണിയർ വിമാനത്തിൽ നിന്നും പകർത്തിയ ചിത്രങ്ങളിലൂടെയാണ് അപകടത്തിന്റെ വ്യാപ്തി പുറംലോകമറിഞ്ഞത്. കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. കപ്പലിന്റെ ഒരുഭാഗം കടലിലേക്ക് താഴ്ന്ന നിലയിലുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരാക്കിയതോടെ കപ്പൽ ഉയർത്തുകയെന്നതാണ് അടുത്ത പ്രധാന ദൗത്യം. സൾഫർ ഉൾപ്പെടുന്ന കണ്ടെയ്നറിലെ പദാർഥങ്ങൾ പൊതുജനങ്ങൾക്കും കടലിനും അപകടം വരുത്താതിരിക്കാനുള്ള ജാഗ്രത അധികൃതർ തുടരുകയാണ്.
കപ്പലിൽ 400 ഓളം കണ്ടെയ്നറുകൾ
അപകടത്തിൽപ്പെട്ട കപ്പലിൽ 400ഓളം കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്നറുകൾ കടലിൽ പതിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. 184 മീറ്റർ നീളമുണ്ട് കപ്പലിന്. വിഴിഞ്ഞത്ത് പ്രധാന കപ്പലുകൾ വഴി എത്തിക്കുന്ന കണ്ടെയ്നറുകൾ മറ്റ് തീരത്തേക്ക് എത്തിക്കുന്ന ഫീഡർ കപ്പൽ വിഭാഗത്തിൽപെടുന്നതാണ് എൽസ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.