കൊക്കെയ്ൻ കേസ്: യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ താൻസനിയൻ സ്വദേശിനി വെറോണിക്ക അഡ്രേഹെലം നിഡുങ്കുരുവിന്‍റെ ശരീരത്തിൽനിന്ന് കൊക്കെയ്ൻ ഗുളികകൾ പൂർണമായും പുറത്തെടുത്തു. ആകെ 1.342 കിലോ വരുന്ന 95 കൊക്കെയ്ൻ ഗുളികകളാണ് ഇവരുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത്.
ഇത്രയും കൊെക്കയ്ന് 13 കോടി രൂപ വില വരും. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ നടപടികളെല്ലാം പൂർത്തിയാക്കി ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊക്കെയ്ൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന താൻസനിയൻ സ്വദേശികളായ ഒമരി അതുമാനി ജോംഗോ, വെറോണിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെ ഈ മാസം 16നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത്. ഒമരി അതുമാനി ജോംേഗായുടെ ശരീരത്തിൽനിന്ന് 19 കോടി വില വരുന്ന 1.945 കിലോ കൊക്കെയ്ൻ നേരത്തേ പുറത്തെടുത്തിരുന്നു.
ഇയാൾ ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. വെറോണിക്കയുടെ ശരീരത്തിൽനിന്നുകൂടി കൊക്കെയ്ൻ പുറത്തെടുത്തതോടെ ഇരുവരിൽനിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊെക്കയ്നാണ് പിടികൂടിയത്. നെടുമ്പാശ്ശേരിയിൽ നടന്ന വലിയ കൊക്കെയ്ൻ വേട്ടകളിലൊന്നാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.