വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
text_fieldsകൊല്ലം: അടുക്കള ചെലവ് കുത്തനെ ഉയർത്തിയിരുന്ന വെളിച്ചെണ്ണ വിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കിലോക്ക് 350 രൂപക്ക് മുകളിലെത്തിയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ നേരിയതോതിൽ കുറഞ്ഞത് വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസമായിരിക്കുകയാണ്. സബ്സിഡി നിരക്കിൽ 289രൂപയാണ് ചൊവ്വാഴ്ച മുതൽ സപ്ലൈകോ ഔട്ലറ്റുകളിലെ വെളിച്ചെണ്ണ വില.
നോൺ സബ്സിഡിക്കാകട്ടെ 309 രൂപയുമാണ് സപ്ലൈകോ ഔട്ലറ്റുകളിലെ പുതിയ വില. കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ച വരെ സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണക്ക് ലിറ്ററിന് 309 രൂപയും നോൺ സബ്സിഡിക്ക് 329 രൂപയുമായിരുന്നു വില. ചില്ലറ വിപണിയിൽ ലൂസ് വെളിച്ചെണ്ണക്ക് 260 രൂപവരെ ചൊവ്വാഴ്ച വില താഴ്ന്നിട്ടുണ്ട്.
തേങ്ങയുടെ വിപണി വരവ് വർധിച്ചതും, ഉൽപാദനം കൂടിയതും, പകരം ഭക്ഷ്യഎണ്ണകളുടെ കുറഞ്ഞ വിലയും ചേർന്നതാണ് വില താഴാൻ കാരണമായത്. വിലക്കുറവ് സാധാരണ കുടുംബങ്ങൾക്കും ചെറുകിട ഹോട്ടൽ-ബേക്കറി വ്യാപാരികൾക്കും വലിയ ആശ്വാസമാണ്. തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്കി യൂനിയൻ ബജറ്റിൽ കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില് 10 മില്യൺ കർഷകർക്ക് ഗുണകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചതും വില കുറയാൻ കാരണമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
സംസ്ഥാനത്തെ വിവിധ ഹോൾസെയിൽ വിപണികളിൽ വെളിച്ചെണ്ണയുടെ വില ലിറ്ററിന് കഴിഞ്ഞ ഒരുമാസത്തിനിടെ ശരാശരി 20-40 രൂപ വരെ കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഉത്സവസീസണുകളിൽ വില കുത്തനെ ഉയർന്നതോടെ നിരവധി കുടുംബങ്ങൾ പാം ഓയിൽ, സൺഫ്ലവർ ഓയിൽ പോലുള്ള പകരം എണ്ണകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടായിരുന്നു. മുമ്പ് തേങ്ങക്ക് ക്ഷാമമുണ്ടായപ്പോൾ ഉൽപാദനം കുറയുകയും ചെലവ് കൂടുകയും ചെയ്തു. ഇപ്പോൾ കായ ലഭ്യത കൂടിയതോടെ നിർമാണച്ചെലവ് കുറഞ്ഞു. അതിന്റെ ഫലമാണ് വിലക്കുറവെന്നും വ്യാപാരികൾ പറയുന്നു. വിപണിയിൽ തേങ്ങയുടെ വരവ് ഇനിയും തുടരുകയാണെങ്കിൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വിലയിൽ ചെറിയ കുറവ് കൂടി ഉണ്ടാകാമെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. എന്നാൽ, ഉത്സവകാലം അടുത്തുവരുമ്പോൾ ആവശ്യകത കൂടിയാൽ വീണ്ടും വില വർധിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

