കോവിഡ് പ്രോട്ടോകോൾ: സ്ഥാപനങ്ങളിൽ നടപടി ശക്തമാക്കും
text_fieldsതിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ അയവുവന്നത് കോവിഡ് ഭീഷണി അകന്നുവെന്നതിെൻറ സൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ലെന്നത് കൂടുതല്‍ ഗൗരവത്തോടെ ഇടപെടണമെന്ന സന്ദേശമാണ് നല്‍കുന്നത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ രോഗം കൂടുതലായി പടരുന്നത് ഗൗരവത്തോടെ കാണണം.
രോഗബാധിതനായ വ്യക്തി വീടിനകത്ത് റൂം ക്വാറൻറീന് പാലിക്കുന്നതില്‍ വീഴ്ച പാടില്ല. ഇക്കാര്യം കൃത്യമായി ചെയ്യാത്തതാണ് മറ്റ് കുടുംബാംഗങ്ങളിലേക്ക് രോഗം പകരുന്നത്. മികച്ച ചികിത്സാ സൗകര്യങ്ങളും പരിചരണവും ഉള്ളതുകൊണ്ടാണ് മരണനിരക്ക് വര്‍ധിക്കാത്തത്. എന്നാല്‍, നേരിയ ജാഗ്രതക്കുറവ് പോലും സ്ഥിതിഗതികള്‍ മാറ്റിയേക്കാം. വാഹനങ്ങള്‍, ഓഫിസുകള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി വേണ്ടത്ര വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലാണ് വേഗത്തില്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് കോവിഡ് പകരുന്നത്. നിരത്തുകളിലേതിനെക്കാൾ ഇത്തരം സ്ഥലങ്ങളിൽ കൂടുതല്‍ ജാഗ്രത കാട്ടണം.
തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്കുകള്‍ ധരിക്കുകയും ഓഫിസുകളിലെത്തിയാൽ ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇത് രോഗവ്യാപനം ക്ഷണിച്ചുവരുത്തും.
സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടി ശക്തമാക്കും. പൊതുവേയുള്ള ധാരണ കോവിഡ് കുട്ടികളെ മാരകമായി ബാധിക്കില്ലെന്നാണ്. പ്രായാധിക്യമുള്ളവരെയും മറ്റ് രോഗാവസ്ഥയുള്ളവരെയും ബാധിക്കുന്നത്ര ഗുരുതരമായി പൊതുവെ കുട്ടികളെ കോവിഡ് ബാധിക്കാറില്ലെങ്കിലും, വ്യാപകമായി രോഗം പകരുന്ന സാഹചര്യത്തില്‍ ആനുപാതികമായി കുട്ടികളിലും രോഗം രൂക്ഷമാകും. കോവിഡ് വന്നുമാറിയ കുട്ടികളില്‍ ചില രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതായും കണ്ടുവരുന്നു.
അതിനാൽ കുട്ടികളുമായി പൊതുസ്ഥലത്ത് എത്തുന്നതും രോഗം പകരുന്ന സാഹചര്യങ്ങളില്‍ അവരെ കൊണ്ടുപോകുന്നതും ഒഴിവാക്കണം.
ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന് പൂര്‍ത്തീകരിക്കുകയാണെന്നും അടുത്ത ആഴ്ചയോടുകൂടി മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്സിനേഷന് ആരംഭിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.