മണ്ണിനും മനുഷ്യനുമൊപ്പം
text_fieldsപരിസ്ഥിതിവിഷയങ്ങളെ ഇത്രയും ശക്തമായി സമൂഹശ്രദ്ധയിൽ കൊണ്ടുവന്ന നേതാക്കൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽതന്നെ അപൂർവമായിരിക്കും. വനം കൈയേറ്റം, ടാറ്റയും കൊക്കക്കോളയുമുൾപ്പെടുന്ന വൻകിടക്കാരുടെ ചൂഷണം, ഇരുമ്പുരുക്ക് കമ്പനികളുടെ അനധികൃത പ്രവർത്തനങ്ങൾ തുടങ്ങിയവക്കെതിരായ പരിസ്ഥിതിപോരാട്ടങ്ങൾ മാത്രമല്ല, പെൺവാണിഭ മാഫിയ, വിദ്യാഭ്യാസക്കച്ചവടക്കാർ, വൃക്ക മാഫിയ തുടങ്ങിയവർക്കെതിരെയും വി.എസ് നിരന്തരം സമരരംഗത്തായിരുന്നു. പ്ലാച്ചിമടയിലെ കുടിവെള്ളപ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹത്തിെൻറ പേരിനോടൊപ്പം എക്കാലത്തുമറിയപ്പെട്ട ഒരു പ്രക്ഷോഭമാണ് 1990കളിൽ ആലപ്പുഴ ജില്ലകളിലും പരിസരങ്ങളിലും അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടന്ന വെട്ടിനിരത്തൽ സമരം. വയൽ നികത്തി മറ്റ് കൃഷികളിലേക്ക് കർഷകർ തിരിയുന്നതിനെതിരെയായിരുന്നു, നികത്തിയ സ്ഥലങ്ങളിലെ ഇത്തരം കൃഷികൾ വെട്ടിനിരത്തിയുള്ള പ്രക്ഷോഭം.
യു.ഡി.എഫ് ഭരണകാലത്ത് മൂലധനനിക്ഷേപം എന്ന പേരിൽ നടപ്പാക്കിയ പദ്ധതികൾ കേരളത്തിെൻറ മണ്ണ് വിൽപനക്കു വെക്കാനുള്ള അവസരമാക്കി മാറ്റുന്നതായി ചൂണ്ടിക്കാട്ടി വി.എസ് മലയാളിയുടെ മനഃസാക്ഷിയായി മാറി. എക്സ്പ്രസ് വേയും ജിമ്മും നടപ്പാക്കുന്നതിനെതിരെയും സ്മാർട്ട് സിറ്റിക്കെതിരായി നടന്ന സമരത്തിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. കേരളത്തിന് നഷ്ടമുണ്ടാക്കാതെ പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. സർക്കാറിെൻറ ഐ.ടി നയമനുസരിച്ച് ഈ ലക്ഷ്യത്തിനായി നൽകുന്ന ഭൂമി മറ്റൊരാവശ്യത്തിന് ഉപയോഗിക്കരുതെന്ന നിലപാടിൽ ഉറച്ചുനിന്നു. കരിമണൽ ഖനനത്തിനെതിരെ നടന്ന സമരങ്ങളും ഇതിനോട് ചേർത്തുവായിക്കേണ്ടവയാണ്.
ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട മതികെട്ടാൻ മലനിരകളിലെ 2003ലെ വനം കൈയേറ്റമാണ് വി.എസിെൻറ സന്ദർശനത്തോടെ വലിയ ശ്രദ്ധാകേന്ദ്രമായ ഒരു സംഭവം. ആദിവാസികൾ എന്ന വ്യാജേനയാണ് മതികെട്ടാനിൽ വൻതോതിൽ ഭൂമി കൈയേറിയത്. അന്നത്തെ യു.ഡി.എഫ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് വി.എസ് നിരന്തരം ഈ വിഷയത്തിൽ നടത്തിയ ഇടപെടലിനെത്തുടർന്നാണ്. അധികാരത്തിലിരിക്കെ 2007 മേയിൽ മൂന്നാറിലെ അനധികൃത കൈയേറ്റമൊഴിപ്പിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ച വി.എസിെൻറ നടപടി കേരളചരിത്രത്തിൽതന്നെ സമാനതകളില്ലാത്തതാണ്. ദൗത്യസംഘത്തെക്കുറിച്ച് വിമർശനമുയർന്നപ്പോൾ ‘പൂച്ചയുടെ നിറമേതായാലും എലിയെ പിടിക്കുന്നുണ്ടോയെന്ന് മാത്രമാണ് താൻ നോക്കുന്നതെ’ന്ന് വി.എസ് പറഞ്ഞത് ഏറെക്കാലം ചർച്ചയായി. 28 ദിവസത്തിനുള്ളിൽ മാത്രം 91 അനധികൃത നിർമാണങ്ങൾ തിരിച്ചുപിടിച്ചു. 11,350 ഏക്കർ ഭൂമിയേറ്റെടുത്തു. എന്നാൽ, മൂന്നാർ ടൗണിലെ സി.പി.ഐ ഒാഫിസ് ഒഴിപ്പിച്ചത് വിവാദമായതോടെ തുടർനടപടികൾ നിലച്ചു.
നിയമസാധുതയില്ലാത്ത ആധാരത്തിെൻറ പിൻബലത്തിൽ മൂന്നാറിൽ ടാറ്റ കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നടത്തിയ പ്രചാരണമാണ് മറ്റൊരു പരിസ്ഥിതി പോരാട്ടം. തീരദേശ കൈയേറ്റങ്ങൾക്കെതിരെയും കാസർകോട്ടെ എൻഡോസൾഫാൻ പ്രയോഗത്തിെൻറ കെടുതികൾക്കിരയായവർക്ക് സാന്ത്വനമേകുന്ന കാര്യത്തിലുമെല്ലാം നിസ്വവർഗത്തിെൻറ ശബ്ദമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.