വന്ദേമാതരം നിർബന്ധമാക്കുന്നതിന് പിന്നിൽ വർഗീയ അജണ്ട -എം.വി. ഗോവിന്ദൻ
text_fieldsഎം.വി ഗോവിന്ദൻ
കോട്ടക്കൽ (മലപ്പുറം): വന്ദേമാതരം നിർബന്ധമാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യംവെക്കുന്നത് വർഗീയ ധ്രുവീകരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ജനഗണമനയെ രണ്ടാം സ്ഥാനത്ത് നിർത്തി വന്ദേമാതരത്തെ ഉയർത്തിക്കൊണ്ടുവരണമെന്നത് പറയുന്നതിന് പിന്നിലെ വികാരം വർഗീയതയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രനയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളികൾ നടത്തിയ ദേശീയ പണിമുടക്കിനെ പരിഹസിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നിലപാട് അപഹാസ്യമാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന നേതാവ് മല്ലികാർജുന ഗാർഖെയും രാഹുൽഗാന്ധിയും പണിമുടക്കിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലല്ലാതെ പണിമുടക്ക് വേറെ എവിടെയങ്കിലും നടന്നിട്ടുണ്ടോയെന്നും പണിമുടക്ക് കാലഹരണപ്പെട്ട സമരരീതിയാണെന്നും പരിഹസിക്കുന്ന വി.ഡി. സതീശൻ ബി.ജെ.പിക്കും സംഘ്പരിവാറിനുമൊപ്പമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വാചകമടിയിലൂടെ ഇടതുപക്ഷമാകാമെന്നാണ് പ്രതിപക്ഷനേതാവ് കരുതുന്നത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നയം ഒന്നാണ്. നെഹ്റുവിയൻ ഇടതുപക്ഷമാണ് താനെന്നാണ് സതീശൻ പറയുന്നത്. കോൺഗ്രസ് ഭരിച്ചപ്പോൾ ടാറ്റയെയും ബിർളയെയുമാണ് വളർത്തിയതെങ്കിൽ ഇപ്പോൾ ബി.ജെ.പി അദാനിയെയും അംബാനിയെയും വളർത്തുകയാണ്. ഒരു സ്റ്റേജിൽ മര്യാദക്ക് പെരുമാറാനറിയാത്തവരാണ് ഭരണം പിടിക്കാൻ നടക്കുന്നതെന്ന് കുറ്റ്യാടിയിലെ സംഭവത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. നുണപ്രചാരക്കൂട്ടമായി കോൺഗ്രസ് മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വന്ദേമാതരം നിർബന്ധമാക്കൽ ഭരണഘടനാ വിരുദ്ധം: അടിയന്തര ചർച്ചക്ക് നോട്ടീസ്
ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്നും വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭ ചെയർമാന് നോട്ടീസ് നൽകി അഡ്വ. ഹാരിസ് ബീരാൻ എം.പി.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകളിൽ മാതൃഭൂമിയുടെ പ്രകൃതിഭംഗിയെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ, തുടർന്നുള്ള വരികളിൽ ഹൈന്ദവ ദേവതകളായ ദുർഗയെയും ലക്ഷ്മിയെയും സ്തുതിക്കുന്ന ഭാഗങ്ങളുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്നതിനും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിനുമാണ് ഭരണഘടന നിർമാണ സമിതി ഈ ഭാഗം പാടേണ്ട എന്ന് നിശ്ചയിച്ച് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ദേശീയഗീതമായി നിശ്ചയിച്ചത്. ഇത്തരം നിർബന്ധബുദ്ധി കാണിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

