വന്യജീവി ആക്രമണം; ഇരകൾക്ക് നൽകാനുള്ളത് 4.61 കോടി
text_fieldsതൊടുപുഴ: പത്തുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിന് ഇരയായവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കുമായി നൽകാനുള്ളത് 4.61 കോടി രൂപ. 600ലേറെ അപേക്ഷകളിലായാണ് ഇത്രയധികം തുക നൽകാനുള്ളതെന്ന് വനം വകുപ്പിന്റെ കണക്കിൽ വ്യക്തമാകുന്നു. അനന്തരാവകാശികൾ യഥാസമയം സർട്ടിഫിക്കറ്റടക്കമുള്ള രേഖകൾ ലഭ്യമാക്കാത്തതാണ് നഷ്ടപരിഹാരത്തുക നൽകുന്നതിൽ കാലതാമസമുണ്ടാകുന്നതെന്നാണ് വനം വകുപ്പിന്റെ വാദം.
സർട്ടിഫിക്കറ്റിനും താമസം
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന അനന്തരാവകാശിക്ക് സർട്ടിഫിക്കറ്റടക്കം അനുവദിക്കാൻ ഏറെ സമയമെടുക്കുന്നുണ്ട്. മുമ്പ് വില്ലേജ് ഓഫിസിൽനിന്ന് നൽകുന്ന കുടുംബ അംഗത്വ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമായിരുന്നു. എന്നാൽ, കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ മാത്രമാണ് ഈ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നത്. 2012 മുതൽ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1531 പേരാണ് മരിച്ചത്. ഇവരിൽ പകുതിയോളം പേർക്കും നഷ്ടപരിഹാരം പൂർണമായും ലഭിച്ചിട്ടില്ല.
മരണപ്പെട്ടാൽ 10 ലക്ഷം
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ അവകാശികൾക്ക് പത്തുലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ആക്രമണത്തിൽ പരിക്കേറ്റാൽ ഒരുലക്ഷവും. സംഭവം നടന്ന് ആറുമാസത്തിനകം അപേക്ഷ സമർപ്പിക്കണം. അംഗവൈകല്യം ഉണ്ടായാൽ രണ്ടുലക്ഷം വരെയും കൃഷി, കന്നുകാലികൾ, വീട് ഷെഡ് എന്നിവയുടെ നാശത്തിന് പരമാവധി ഒരുലക്ഷം രൂപ വരെയും ലഭിക്കും. എന്നാൽ, പരിക്കേറ്റവർക്ക് ലഭിക്കുന്ന തുകയടക്കം പ്രാഥമിക ചികിത്സക്ക് പോലും തികയില്ലെന്നും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.