ഇ.ഡി ഓഫിസിൽ ഇടിനിലക്കാരനുമുണ്ടായിരുന്നതായി പരാതിക്കാരന്റെ ഭാര്യ
text_fieldsകൊച്ചി: കേസൊതുക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വ്യവസായിയും പരാതിക്കാരനുമായ അനീഷ് ബാബു. ഇ.ഡി ഉദ്യോഗസ്ഥൻ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫോൺ നമ്പർ ഇടനിലക്കാരനായ വിൽസൺ ആണ് ഇ.ഡിക്ക് നൽകിയത്. താൻ വ്യക്തിപരമായി നമ്പർ നൽകിയിട്ടില്ല. ഇ.ഡി അഡീഷനൽ ഡയറക്ടർ വിനോദ് കുമാറിന് സംഭവത്തിൽ പങ്കുണ്ട്. എട്ടുവര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാൻ കാലതാമസമുണ്ടായിരുന്നു. തുടക്കംമുതൽ ഇ.ഡി ഉദ്യോഗസ്ഥൻ സമ്മര്‍ദത്തിലാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പി.എം.എൽ.എ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നൽകിയത്. അറസ്റ്റ് ഭയന്ന് താൻ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു.
സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷമാണ് ഇടനിലക്കാരനായ വിത്സൺ ബന്ധപ്പെടുന്നത്. തന്റെ അമ്മയുടെ ഫോണിലേക്കാണ് വിളിച്ചത്. പിന്നീട് അമ്മ പറഞ്ഞതനുസരിച്ച് താൻ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് വിൽസണ്‍ എന്ന ആളാണ് ഇടനിലക്കാരനെന്ന് മനസ്സിലായത്. പിന്നീട് കലൂർ സ്റ്റേഡിയത്തിന് സമീപമടക്കം തങ്ങൾ നേരിൽ കണ്ടു. താനും ഇ.ഡി ഉദ്യോഗസ്ഥരും മാത്രമുള്ളപ്പോൾ നടന്ന കാര്യങ്ങൾപോലും ഇയാൾ കൃത്യമായി പറഞ്ഞതോടെയാണ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. പിന്നീട് ഇയാൾ പറഞ്ഞതുപോലെ വീണ്ടും സമൻസ് അയപ്പിച്ചതോടെ ഇക്കാര്യം ഉറപ്പായി. ഈ കൂടിക്കാഴ്ചകൾക്കിടെ റെക്കോഡ് ചെയ്ത തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഇ.ഡിയില്‍നിന്ന് വിളിക്കുമെന്ന് വില്‍സണ്‍ പറഞ്ഞ സമയത്തൊക്കെ ഇ.ഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥര്‍ നേരിട്ട് പണം ചോദിച്ചിട്ടില്ല. എല്ലാ ഇടപാടും വിത്സണ് വഴിയായിരുന്നു നടന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിശ്വാസം. ഉദ്യോഗസ്ഥര്‍ പറയാതെ വിവരങ്ങള്‍ വില്‍സണ്‍ അറിയില്ല. ഇതിന്റെ എല്ലാം ആള് ശേഖറാണെന്ന് വില്‍സണ്‍ പറഞ്ഞു. വിജിലൻസ് നിർദേശപ്രകാരം വെള്ളിയാഴ്ച വൈകീട്ട് താൻ കൈക്കൂലി നൽകുമ്പോൾ തന്നോട് ഇടനിലക്കാർ പറഞ്ഞത് അഞ്ചുമണിക്ക് ഇ.ഡി ഓഫിസിൽ പോയി ശേഖർ കുമാറിനെ കണ്ടുകൊള്ളാനാണെന്നും അനീഷ് പറഞ്ഞു.
ഇതേസമയം അനീഷിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ച ദിവസം തങ്ങൾ ഇ.ഡി ഓഫിസിലെത്തിയപ്പോൾ അവിടെ ഇടനിലക്കാരിൽ ഒരാളുമുണ്ടായിരുന്നെന്ന് അനീഷിന്റെ ഭാര്യ നിമ്മി പറഞ്ഞു. പ്രതികൾ പിടിയിലായശേഷം ചാനലുകളിൽ ചിത്രം കണ്ടപ്പോഴാണ് ഇയാളെ മനസ്സിലായത്. മുരളി മുകേഷായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നാണ് ചിത്രത്തിൽനിന്ന് വ്യക്തമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.