മറഞ്ഞത് കുഞ്ഞാലിക്ക് ആത്മധൈര്യമേകിയ സാന്നിധ്യം
text_fieldsകാളികാവ്: ഭൂസമരങ്ങളിലൂടെയും വിപ്ലവ പോരാട്ടങ്ങളിലൂടെയും കിഴക്കനേറനാടിനെ ഇളക്കിമറിച്ച മുൻ എം.എൽ.എ കുഞ്ഞാലിക്ക് എന്നും ആത്മധൈര്യമേകിയിരുന്ന സാന്നിധ്യമായിരുന്നു അദ്ദേഹത്തിെൻറ ഭാര്യ സൈനബ. ഇന്നലെ വിട പറഞ്ഞ അവരുടെ വിേയാഗത്തോടെ ഒാർമയാകുന്നത് സഹനത്തിെൻറ ഒരു കാലഘട്ടം കൂടിയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് അസുഖത്തെതുടർന്നായിരുന്നു മരണം. 1961 മേയ് 11ലായിരുന്നു കുഞ്ഞാലി സൈനബയെ വിവാഹം ചെയ്തത്.
നാടകാചാര്യനായിരുന്ന കെ.ടി. മുഹമ്മദിെൻറ ഇളയസഹോദരിയായിരുന്നു സൈനബ. പ്രമുഖ നാടകനടനായ നിലമ്പൂർ ബാലനും സി.പി.ഐ നേതാവ് നടുക്കണ്ടി മുഹമ്മദുമായിരുന്നു ഇരുവരുടേയും വിവാഹത്തിന് മുൻകൈയെടുത്തത്. കൊണ്ടോട്ടി സ്വദേശിയായ കുഞ്ഞാലി പിന്നീട് പാർട്ടി പ്രവർത്തനത്തിനായി കാളികാവിലേക്ക് താമസം മാറ്റുകയായിരുന്നു. സുബേദാർ ബംഗ്ലാവിലായിരുന്നു ആദ്യകാലത്ത് ഇരുവരും താമസിച്ചിരുന്നത്. കുഞ്ഞാലിയുടെ ഉമ്മ ആയിഷയും കൂടെയുണ്ടായിരുന്നു. 1965ൽ ഉമ്മ മരിച്ചതോടെ സൈനബയായി കുഞ്ഞാലിക്ക് താങ്ങും തണലും. കാളികാവ് ടി.ബിക്ക് സമീപമായി പിന്നീട് താമസം.
വിപ്ലവനായകെൻറ ഭാര്യയെന്ന നിലയിൽ കാളികാവുകാരുടെ ‘സൈനാത്ത’യായിരുന്നു സൈനബ. എട്ട് വർഷം മാത്രമാണ് ഇരുവർക്കും ദാമ്പത്യജീവിതം നയിക്കാൻ സാധിച്ചത്. ഇതിനിടെ പലപ്പോഴായി ഒന്നരവർഷത്തോളം കുഞ്ഞാലി ജയിലിലുമായിരുന്നു. മകൻ അഷ്റഫ് ജനിക്കുമ്പോഴും അദ്ദേഹം ജയിലിലായിരുന്നു. 1969ൽ എതിരാളികളുടെ വെടിയേറ്റ് കുഞ്ഞാലി കൊല്ലപ്പെട്ടതോടെ വൈധവ്യത്തിെൻറ നോവുകളുമായി സൈനബ കാളികാവിൽ തന്നെ താമസം തുടർന്നു. എൺപതുകളിൽ സൈനബ മക്കളായ സറീന, അഷ്റഫ്, നിഷാദ്, ഹസീന എന്നിവർക്കൊപ്പം കോഴിക്കോട് എരഞ്ഞിപ്പാലത്തേക്ക് താമസം മാറ്റി. 2011ൽ കുഞ്ഞാലിയുടെ ജീവചരിത്രം ആസ്പദമാക്കി വന്ന സിനിമയിൽ സൈനബയുടെ റോളിൽ അഭിനയിച്ചത് നിലമ്പൂർ ആയിഷയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.