സഡൻ ബ്രേക്കിട്ട കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വീണ് വനിത കണ്ടക്ടർക്ക് ഗുരുതര പരിക്ക്; ഇടുപ്പ്, തുടയെല്ലുകൾക്ക് പൊട്ടൽ
text_fieldsകുമളി: കോട്ടയത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വീണ് വനിത കണ്ടക്ടർക്ക് ഗുരുതര പരിക്കേറ്റു. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് കണ്ടക്ടർ ബസിനുള്ളിൽ വീണത്. മണിമല പത്തനാട് പ്ലാക്കാട് സ്വദേശിനി പി.എം. സോഫിയക്കാണ് (46) പരിക്കേറ്റത്. ഇടുപ്പ്, തുടയെല്ലുകൾക്ക് പൊട്ടലേറ്റതിനെത്തുടർന്ന് സോഫിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10.35ഓടെ ദേശീയപാതയിൽ ഹോളിഡേ ഹോമിനു സമീപത്തായിരുന്നു അപകടം. കോട്ടയത്തേക്കുള്ള യാത്രക്കിടെ സർക്കാർ ആശുപത്രിക്കവലയിൽനിന്ന് യാത്രക്കാരെ കയറ്റി വാഹനം മുന്നോട്ട് നീങ്ങുന്നതിനിടെ, പെട്ടെന്ന് മുന്നിൽ കയറുകയും നിർത്തുകയുംചെയ്ത കാറിൽ ഇടിക്കാതിരിക്കാനാണ് ഡ്രൈവർ പ്രദീഷ് ബ്രേക്ക് ചെയ്തത്.
കാറിൽ ഇടിക്കാതെ ബസ് നിർത്താനായെങ്കിലും ടിക്കറ്റ് നൽകുകയായിരുന്ന സോഫിയ നിലതെറ്റി മറിഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
അടൂർ സ്വദേശികളായ രണ്ടുപേർ കാറിൽ ചികിത്സാർഥം തമിഴ്നാട്ടിൽ പോയി മടങ്ങിവരുകയായിരുന്നു. വഴിയിൽ പേരക്ക വിൽക്കുന്നത് കണ്ടതോടെ വാങ്ങുന്നതിനാണ് കാർ പെട്ടെന്ന് നിർത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.