‘നിന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നണ്ടേ...’; പ്രിയദർശിനി ബസിൽ വിദ്യാർഥിനിയെ അപമാനിച്ച കണ്ടക്ടർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച കണ്ടക്ടർക്ക് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സി.എം.ഡിയുടെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ.
യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ശനിയാഴ്ച ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടറാണ് വിദ്യാര്‍ഥിനിയെ അവഹേളിക്കുകയും സൗജന്യ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
നിന്നെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് സീറോ ടിക്കറ്റ് നല്‍കാന്‍ കഴിയില്ല എന്ന് പറയുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനി പരാതിയിൽ പറയുന്നു. നീ പെണ്ണാണോ എന്നറിയാന്‍ ഡ്രസ്സ് ഊരി നോക്കണമെന്നും അല്ലെങ്കില്‍ പെണ്ണാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിക്കണമെന്നും രോഷാകുലനായി പറഞ്ഞു. 'ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ' എന്ന് ഉറക്കെ യാത്രക്കാരോടായി ചോദിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും പൊലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. യാത്രക്കാരിൽനിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

