മാനന്തവാടിയിൽ കടുവപ്പേടിക്കിടെ വാക്കേറ്റവും സംഘർഷവും
text_fieldsകുറുക്കൻമൂലയിൽ സംഘർഷത്തിനിടെ വനംവകുപ്പിലെ തിരച്ചിൽ സംഘാംഗം അരയിെല കത്തി എടുക്കാൻ ശ്രമിക്കുന്നു
മാനന്തവാടി: കുറുക്കൻമൂലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാനിറങ്ങിയ ആർ.ആർ.ടി സംഘവും ജനപ്രതിനിധിയും തമ്മിൽ വാക്കേറ്റവും സംഘർഷവും. വെള്ളിയാഴ്ച രാവിലെ പുതിയിടത്താണ് സംഭവം. തിരച്ചിലിനെത്തിയ വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രനാഥ് ബാബുവിനെ ഡിവിഷൻ കൗൺസിലർ വിപിൻ വേണുഗോപാൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി ആരോപണമുയർന്നു. ഇത് പ്രതിരോധിക്കാൻ വനംവകുപ്പ് ജീവനക്കാരും രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ഇതിനിടയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരൻ അരയിൽനിന്ന് കത്തി എടുക്കാൻ ശ്രമിച്ചതോടെ സംഘർഷം മൂർച്ഛിച്ചു. കത്തി എടുക്കാൻ ശ്രമിച്ച ഇയാളെ സഹപ്രവർത്തകർ അനുനയിപ്പിക്കുകയായിരുന്നു. ഇതിനിടെ, സ്ഥലത്തെത്തിയ സ്ഥലം എം.എൽ.എ ഒ.ആർ. കേളുവും സി.പി.എം നേതാക്കളും വനം വകുപ്പ് വാഹനങ്ങൾ തടഞ്ഞുവെച്ചു. കത്തിയെടുത്ത ജീവനക്കാരൻ മാപ്പു പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒടുവിൽ കാട്ടിക്കുളം വനം ഓഫിസിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ധാരണയായി.
സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, തഹസിൽദാർ ജോസ് ചിറ്റലപ്പള്ളി, ഡി.എഫ്.ഒമാരായ രമേശ് ബിഷ്ണോയ്, എ. ഷജ്ന, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.