പാലക്കാട് സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം കത്തുന്നു
text_fieldsപാലക്കാട്: നിർണായക സ്വാധീനമുള്ള പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ സിപിഎം രഹസ്യ ഡീൽ ഉണ്ടാക്കിയെന്ന കോൺഗ്രസ് ആരോപണം കത്തുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ അടക്കമുള്ള യു.ഡി.എഫ് നേതൃത്വമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. തുടർദിവസങ്ങളിൽ ഇത് വ്യാപകമായ ചർച്ചയാവുകയായിരുന്നു.
യു.ഡി.എഫിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് എൻ.എം.ആർ. റസാഖ് എന്ന സ്വതന്ത്ര സ്ഥാനാർഥിയെ സി.പി.എം നിർത്തിയതെന്നാണ് കോൺഗ്രസ് പറയുന്നത്. 2024ലെ ഉപതെരഞ്ഞെടുപ്പിൽ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ജയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് 58389 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 39549 വോട്ടായിരുന്നു ലഭിച്ചത്. 37293 വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു സി.പി.എം സ്ഥാനാർഥി പി. സരിൻ. ഇത്തരമൊരു മണ്ഡലത്തിൽ മുസ്‍ലിം സ്ഥാനാർഥിയെ നിർത്തി യു.ഡി.എഫിന് കിട്ടേണ്ട വോട്ട് സ്പ്ലിറ്റ് ചെയ്യിക്കുകയാണ് എൽ.ഡി.എഫെന്നാണ് കോൺഗ്രസ് ക്യാമ്പുകൾ ആരോപിക്കുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ മറുപടി പറയാതെ ‘സതീശന്റെ ആരോപണത്തിൽ നമ്മൾ പ്രതികരിക്കേണ്ട കാര്യമില്ല, അദ്ദേഹം രാവിലെ മുതൽ രാത്രി വരെ നുണ പറയുന്ന ഒരു പ്രതിപക്ഷ നേതാവായിട്ട് മാറി’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചെയ്തത്.
എൻ.എം.ആർ. റസാഖിനെ സ്ഥാനാർഥിയാക്കിയതോടെ ബി.ജെ.പി.ക്ക് ലഭിക്കുന്ന ഭൂരിപക്ഷ വോട്ടിനെ ഒരുനിലക്കും സ്വാധീനിക്കാൻ സി.പി.എമ്മിന് കഴിയില്ല. മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ എന്ന പ്രൊഫൈലിലൂടെ കഴിഞ്ഞ തവണ പി. സരിന് കൽപ്പാത്തി ഭാഗത്തുനിന്നുള്ള സവർണ്ണ വോട്ടുകളിൽ ഒരു ചെറിയ വിഭാഗമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇത്തവണ എൻ.എം.ആർ. റസാഖിനെ സ്ഥാനാർഥിയാക്കിയതോടു കൂടി ബി.ജെ.പിയുടെ വോട്ട്ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിയില്ല.
അതേസമയം, യു.ഡി.എഫിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകൾ തന്റെ പെട്ടിയിലാക്കാൻ എൻ.എം.ആർ. റസാഖിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിഞ്ഞേക്കും. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ. ശ്രീധരനെ 3,859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. ഇതിന് പ്രധാന കാരണം മുസ്‍ലിം ലീഗിന് വൻശക്തിയുള്ള പിരായിരി പഞ്ചായത്തിൽ നിന്നുള്ള വോട്ടുകളാണ്. അവിടെ 27,000ത്തോളം വോട്ടുകളിൽ 12,000ത്തിലധികം ഷാഫിക്ക് ലഭിച്ചിരുന്നു. ഇത്തവണ എൻ.എം.ആർ. റസാഖ് ഈ വോട്ടർമാരെ സ്വാധീനിച്ചേക്കും. അതേസമയം, ബി.ജെ.പി.യുടെ വോട്ടിൽ ഒരു തരത്തിലുള്ള വിള്ളലും ഉണ്ടാകില്ല.
അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ എന്നും ന്യൂനപക്ഷ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഈ 6,000 വോട്ട് മറികടന്ന് വിജയിക്കാമെന്നുമാണ് കണക്കുകൂട്ടുന്നതെന്നും സി.പി.എം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

