ഏക സിവിൽ കോഡ്: പ്രചാരണ പരിപാടികളുമായി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രചാരണ പരിപാടികളുമായി കോൺഗ്രസും. മേഖല അടിസ്ഥാനത്തിൽ ജനസദസ്സ് സംഘടിപ്പിക്കും. ആദ്യപരിപാടി കോഴിക്കോട്ട് നടത്താനാണ് ആലോചന. തുടർന്ന് തിരുവനന്തപുരത്തും കൊച്ചിയിലും. കെ.പി.സി.സി നേതൃയോഗത്തിലാണു തീരുമാനം.
ഏക സിവിൽ കോഡിനെതിരെ സെമിനാർ പ്രഖ്യാപിച്ച് സി.പി.എം പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിന് തടയിടുകയാണ് ലക്ഷ്യം. പ്രധാന ഘടകകക്ഷി മുസ്ലിം ലീഗിന്റെയും ന്യൂനപക്ഷ സംഘടനകളുടെയും വികാരം ഉൾക്കൊണ്ടാണ് കോൺഗ്രസ് ഏക സിവിൽ കോഡ് വിരുദ്ധ പ്രചാരണത്തിനിറങ്ങുന്നത്.
ഏക സിവിൽ കോഡ് വേണ്ടെന്ന് ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾതന്നെ, തെരുവിലിറങ്ങിയുള്ള പ്രതിഷേധം വേണ്ടെന്നാണ് കെ.പി.സി.സി യോഗത്തിലെ ധാരണ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ അജണ്ട തുറന്നുകാട്ടുന്നതിനൊപ്പം സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയുമാകും കോൺഗ്രസ് പ്രചാരണം.
കോഴിക്കോട് നടത്തുന്ന പരിപാടിയിൽ നിയമം ബാധിക്കുന്ന എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരെയും പങ്കെടുപ്പിക്കും. കേവലം മുസ്ലിം പ്രശ്നമല്ലെന്ന സന്ദേശം ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. കരട് ബിൽപോലും തയാറാക്കാതെ ഏക സിവിൽ കോഡ് ചർച്ച ഉയർത്തുന്ന ബി.ജെ.പി ഹിന്ദു - മുസ്ലിം വിഭാഗീയത വളർത്തി വോട്ട് തട്ടാനാണ് ശ്രമിക്കുന്നതെന്ന് യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി.
നിയമത്തിനെതിരായ മുസ്ലിം വിഭാഗത്തിന്റെ ആശങ്ക ആളിക്കത്തിച്ച് വോട്ട് തട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. 1985ല്‍ ഷാബാനു കേസില്‍ ഏക വ്യക്തി നിയമം വേണമെന്ന് നിലപാടെടുത്ത സി.പി.എമ്മും ഇ.എം.എസും ശരീഅത്തിനുനേരെ കടന്നാക്രമണം നടത്തി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനൽകിയിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.