തന്ത്രങ്ങളൊരുങ്ങുന്നു, തദ്ദേശപ്പോരിലേക്ക് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഏത് നിമിഷവും തദ്ദേശപോരിന് വിളംബരമെത്താമെന്നിരിക്കെ, സ്ഥാനാർഥി ചർച്ചകളിലേക്കും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്കും കടന്ന് കോൺഗ്രസ്. സ്ഥാനാർഥി നിർണയം അതത് കമ്മിറ്റികൾക്ക് വിടാനാണ് ശനിയാഴ്ച ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിന്റെ തീരുമാനം. വാർഡ് തല കമ്മിറ്റികൾക്ക് സ്ഥാനാർഥിയെ നിർണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തർക്കമുണ്ടാകുന്ന പക്ഷം പഞ്ചായത്ത്-മുൻസിപ്പാലിറ്റി തല കോർകമ്മിറ്റിക്ക് വിടണം. കെ.പി.സി.സിയിലേക്കുള്ള അപ്പീലുകൾ പരമാവധി കുറക്കാനാണ് നിർദേശം. അടിത്തട്ടിലെ പ്രവർത്തനമികവും ജനസമ്മതിയും അടിസ്ഥാനമാക്കിയാവും സ്ഥാനാർഥികളെ കണ്ടെത്തുക.
പ്രാദേശിക വിഷയങ്ങൾക്ക് ഊന്നൽ നൽകി ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുതകും വിധം സമഗ്രമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മെനയുന്നത്. അയ്യപ്പസംഗമവും ക്ഷേമ പ്രഖ്യാപനങ്ങളും പിടിവള്ളിയാക്കാനായിരുന്നു ഇടതുനീക്കമെങ്കിലും ശബരിമലയിലെ സ്വർണക്കവർച്ച സർക്കാറിനെ പിടിച്ചുലച്ചതായി യോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പ് പടിവാതിലിൽ നടപ്പാക്കിയ ക്ഷേമ പെൻഷൻ വർധന പ്രചരണായുധമാക്കി കളത്തിൽ ഇറങ്ങാനൊരുങ്ങുന്ന ഇടതുമുന്നണിയെ അതേ നാണയത്തിൽ നേരിടും. തീരുമാനം ആത്മാർഥമെങ്കിൽ വർധനക്ക് മുൻകാല പ്രാബല്യമനുവദിക്കുമോയെന്ന ചോദ്യമുയർത്തിയാകും പ്രതിരോധം. അതിദരിദ്രരില്ലെന്ന സർക്കാർ അവകാശവാദങ്ങളെ പ്രാദേശിക തലങ്ങളിലെ ഉദാഹരണങ്ങൾ നിരത്തി ചോദ്യം ചെയ്യും. ഒപ്പം ശബരിമലയിലെ സ്വർണക്കൊള്ളയടക്കം സജീവ ചർച്ചയാക്കും. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പ്രാദേശിക പ്രശ്നങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പ്രകടന പത്രികകളും തയ്യാറാക്കും.
തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച എസ്.ഐ.ആർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും നിയമ സാധ്യതകൾ പരിശോധിക്കാനും ധാരണയായി. ഈ നീക്കം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന മുൻ നിലപാടിൽ കെ.പി.സി.സി. ഉറച്ചുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

