ഗ്രൂപ്പുകളിക്ക് വഴങ്ങില്ലെന്ന സന്ദേശവുമായി കോൺഗ്രസ് ഹൈകമാൻഡ്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയമിച്ചതോടെ കേരളത്തിെൻറ കാര്യത്തിൽ ഇനി ഗ്രൂപ്പുകളുടെ വിലപേശലുകൾക്ക് വഴങ്ങാനില്ലെന്ന ശക്തമായ സന്ദേശമാണ് ഹൈകമാൻഡ് നൽകിയിരിക്കുന്നത്. നിയമസഭ കക്ഷിയിൽ വ്യക്തമായ ഭൂരിപക്ഷവും രണ്ടു പ്രബല ഗ്രൂപ്പുകളുടെ സമ്മർദവുമുണ്ടായിട്ടും ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതിനു പിന്നാലെയാണ് ഹൈകമാൻഡിെൻറ പുതിയ പ്രഖ്യാപനം. ഗ്രൂപ്പുകളെ മറികടന്നുള്ള തീരുമാനം വെല്ലുവിളികൾ നിറഞ്ഞതാകുമെന്ന് അറിയാമെങ്കിലും ജനങ്ങൾക്കിടയിൽ അംഗീകാരമുള്ള നേതാക്കളെ മുൻനിരയിൽ എത്തിക്കുന്നതിലൂടെ അതെല്ലാം മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ഹൈകമാൻഡ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയനേതൃത്വം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ സംസ്ഥാനമായിരുന്നു കേരളം. അതു യാഥാർഥ്യമായില്ലെന്ന് മാത്രമല്ല, മുൻതവണത്തെക്കാൾ പാർട്ടിയുടെയും മുന്നണിയുടെയും പ്രകടനം മോശമാകുകയും െചയ്തു.
ഇതോടെയാണ് കേരളത്തിലെ മുതിർന്ന നേതാക്കളുടെ ഗ്രൂപ് സമ്മർദങ്ങൾക്ക് ഇനി വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈകമാൻഡ് എത്തിയത്. ഇതോടെ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്രീകരിച്ച് നീങ്ങിയ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം മറ്റൊരു തലത്തിലേക്ക് മാറുകയാണ്.
ഇടതുമുന്നണി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയതോടെ പ്രവര്‍ത്തകര്‍ക്ക് നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ കഴിയുന്ന നേതാവാകണം പാർട്ടിയെ നയിക്കേണ്ടതെന്ന അന്വേഷണമാണ് സുധാകരന് അനുകൂലമായത്. പാർട്ടിയുടെ നിലനിൽപുപോലും ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിലാണ് പ്രസിഡൻറ് പദവി അദ്ദേഹത്തെ തേടി എത്തിയത്. ഇത് ഒരേസമയം അവസരവും വെല്ലുവിളിയുമാണ്. ഗ്രൂപ്പ് താൽപര്യം അംഗീകരിക്കാതെ ഹൈകമാന്‍ഡ് നോമിനിയായി പ്രസിഡൻറ് പദവിയിെലത്തിയ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പാതിയിൽ കളം ഒഴിയേണ്ടിവെന്നന്ന ചരിത്രം അദ്ദേഹത്തിന് മുന്നിലുണ്ട്. അണികളുടെ പിന്തുണയും തീപ്പൊരി പ്രതിച്ഛായയും സുധാകരന് സഹായകമാകാമെങ്കിലും ഗ്രൂപ്പുകളുടെ പിന്തുണ ഉറപ്പാക്കൽ വെല്ലുവിളിയായിരിക്കും. മുറിവേറ്റ ഗ്രൂപ്പുകള്‍ ഏതുവിധത്തില്‍ പ്രതികരിക്കുമെന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, സതീശെൻറയും സുധാകരെൻറയും നേതൃത്വത്തില്‍ തകര്‍ന്ന സംഘടനയെ അടുത്ത പാര്‍ലമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് ശക്തമാക്കി പരമാവധി നേട്ടമുണ്ടാക്കുകയാണ് ഹൈകമാന്‍ഡിെൻറ ലക്ഷ്യം. കാര്യശേഷി തെളിയിക്കാന്‍ മൂന്നുവര്‍ഷത്തോളം സമയമുണ്ട് എന്നതാണ് അവർക്കുള്ള ഏക ആശ്വാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.