സമവായത്തിലും പല സ്വരം; ഡി.സി.സി പുനഃസംഘടനയിൽ വിയർത്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഡൽഹിയിലെ മാരത്തൺ ചർച്ചകളിലും സമവായമാകാത്തതോടെ ഡി.സി.സി പുനഃസംഘടനയിൽ കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസ്. കെ.പി.സി.സി തലപ്പത്തെ മാറ്റത്തിനൊപ്പം ഡി.സി.സി അധ്യക്ഷരെയും മാറ്റാനായിരുന്നു തീരുമാനം. രൂക്ഷമായ രാഷ്ട്രീയ സമ്മർദങ്ങളും വിയോജിപ്പുകളും മറികടന്ന് കെ.പി.സി.സി അധ്യക്ഷ മാറ്റം യാഥാർഥ്യമായി രണ്ടുമാസം പിന്നിട്ടിട്ടും ചർച്ചകളിലും കൂടിക്കാഴ്ചകളിലും കുരുങ്ങി ഡി.സി.സി പുനഃസംഘടന അനിശ്ചിതത്വത്തിലാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൈപ്പിടിയിലൊതുക്കി രാഷ്ട്രീയ ആത്മവിശ്വാസവുമായി നിലയുറപ്പിക്കുമ്പോഴും ഡി.സി.സി കാര്യത്തിൽ പുതിയ കെ.പി.സി.സി നേതൃത്വം വിയർക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് അധ്യക്ഷരെ മാറ്റണമെന്ന് തത്വത്തിൽ ധാരണയുണ്ടെങ്കിലും അത് എങ്ങനെയെന്നതിൽ ഉത്തരം കണ്ടെത്താനായിട്ടില്ല.
സമവായ ചർച്ചകൾക്കായി രണ്ടാം വട്ടമാണ് കെ.പി.സി.സി നേതൃത്വം ഡൽഹിയിൽ പോയി വെറും കൈയോടെ മടങ്ങുന്നത്. ആദ്യ യാത്രയിലെ ചർച്ച ഹൈക്കമാൻഡ് നേതൃത്വവുമായിട്ടായിരുന്നെങ്കിൽ രണ്ടാം യാത്രയിൽ നേതൃത്വത്തിനൊപ്പം കേരളത്തിൽനിന്നുള്ള എം.പിമാരുമായും ചർച്ചയുണ്ടായി. ധാരണയിലെത്തിയ ശേഷം അധ്യക്ഷരുടെ പട്ടിക ഹൈക്കമാൻഡിനെ ഏൽപിച്ച് മടങ്ങാനായിരുന്നു ലക്ഷ്യം. ഇതിനായി കേരള ഹൗസിലും എം.പിമാരുടെ ഫ്ലാറ്റുകളിലും കൂടിക്കാഴ്ചകൾ നീണ്ടു.
പക്ഷേ, അഭിപ്രായങ്ങളുടെ കാര്യത്തിൽ ഏകോപനം സാധ്യമായില്ലെന്ന് മാത്രമല്ല പരസ്പരം കൂട്ടിമുട്ടുന്ന നിലപാടുകളാണ് വിഷയത്തിൽ നേതാക്കളിൽ നിന്നും എം.പിമാരിൽനിന്നും ഉയർന്നത്. തൃശൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലെയും പ്രസിഡന്റുമാർ മാറണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലൊഴികെ മറ്റിടങ്ങളിൽ അധ്യക്ഷൻമാർ മാറണമെന്നായി മറ്റൊരു വിഭാഗം.
ഇതിനിടെ മിക്ക ജില്ലകളിലും ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയരുകയും ചെയ്തിട്ടുണ്ട്. ഹൈക്കമാൻഡിന് മുന്നിലും അഭിപ്രായ വ്യത്യാസങ്ങൾ എത്തിയതോടെ കേരളത്തിൽ തീരുമാനിക്കാനായിരുന്നു നിർദേശം. ഇതേ തുടർന്ന് കേരളത്തിലേക്ക് മടങ്ങിയ കെ.പി.സി.സി നേതൃത്വം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.