പ്രവർത്തക സമിതിയംഗം എന്ന പരിഗണന വേണ്ട; ശശി തരൂരിനോട് അകലം പാലിക്കാൻ കോൺഗ്രസ് നേതൃത്വം
text_fieldsതിരുവനന്തപുരം: ഹൈകമാൻഡിനെ തള്ളിപ്പറഞ്ഞ് മോദി സ്തുതി തുടരുന്ന ശശി തരൂരിനോട് പ്രവർത്തക സമിതിയംഗമെന്ന പരിഗണന നൽകാതെ അകലം പാലിക്കാൻ കോൺഗ്രസ് നേതൃത്വം. പാര്‍ട്ടി പരിപാടികൾക്ക് ക്ഷണിക്കേണ്ടെന്നാണ് അനൗദ്യോഗിക ധാരണ. പാർട്ടി വിരുദ്ധത ഉറക്കെ വിളിച്ചുപറഞ്ഞ് ‘വ്യത്യസ്തനാകാനുള്ള’ തരൂരിന്റെ ശ്രമങ്ങളെ അനുനയത്തിന്റെ ഭാഷയിൽ വകവെച്ചുനൽകേണ്ടെന്നാണ് നിലപാട്.
കോൺഗ്രസ് ജനപ്രതിനിധിയായി തുടരുമ്പോഴും നേതൃത്വത്തിൽ വിശ്വാസമില്ലെന്ന വിധം പരസ്യപ്രഖ്യാപനങ്ങൾ നടത്തിയ തരൂർ ചെറുതല്ലാത്ത വിഷമസന്ധിയിലാണ് പാർട്ടിയെ എത്തിച്ചത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടെന്ന തന്ത്രപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും എത്രനാൾ ഇങ്ങനെ തുടരാനാകുമെന്നതിൽ ആശയക്കുഴപ്പമുണ്ട്.
കോൺഗ്രസിലെത്തും മുമ്പ് അടിയന്തരാവസ്ഥ മുൻനിർത്തി തരൂർ ഇന്ദിര ഗാന്ധിയെ വിമർശിച്ചിട്ടുണ്ട്. ‘ഇന്ത്യ മിഡ്നൈറ്റ് ടു മില്ലേനിയം’ എന്ന പുസ്തകത്തിലാണ് ഈ വിമർശനം. എന്നാൽ, കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന ഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ തരൂർ അടിയന്തരാവസ്ഥയെ പ്രശ്നവത്കരിക്കുന്നു എന്നതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.
സംഘ്പരിവാർ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ‘വൈ ഐ ആം എ ഹിന്ദു’, നരേന്ദ്രമോദിയെ വിമർശന വിധേയമായി വിലയിരുത്തുന്ന ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്നീ പുസ്തകങ്ങളെഴുതിയ തരൂർ തന്നെയായാണ് മോദി സ്തുതികളുമായി തുടരെ രംഗത്തിറങ്ങുന്നതും. ഇതെല്ലാം മുൻനിർത്തി എഴുത്തിലെയും നിലപാടിലെയും ആശയപരമായ സത്യസന്ധത പണയപ്പെടുത്തിയാണ് പദവികൾക്ക് വേണ്ടിയുള്ള വഴിമാറ്റങ്ങളെന്ന വിമർശനവുണ്ട്.
പരാജയപ്പെട്ടിടങ്ങളിൽ നിന്നെല്ലാം പടിയിറങ്ങുന്ന തരൂർ ലൈനാണ് മറ്റൊന്ന്. മൻമോഹൻ സിങ്ങിന്റെ കാലത്ത് യു.എൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി മത്സരിച്ച തരൂർ രണ്ടാം സ്ഥാനത്തേ എത്തിയുള്ളൂ. ഇതോടെ യു.എൻ അണ്ടർ സെക്രട്ടറി ജനറൽ പദവി രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങുകയും രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയുമായിരുന്നു.
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയോട് മത്സരിച്ച് പരാജയപ്പെട്ട തരൂർ പാർട്ടി വിടുമെന്ന് അന്നുതന്നെ സൂചനകളുണ്ടായിരുന്നു. വിവാദങ്ങൾ എപ്പോഴും ഒപ്പമുണ്ടെങ്കിലും സംഘടന വിരുദ്ധ ലൈനിലേക്ക് തരൂർ നീങ്ങിയത് അധ്യക്ഷ സ്ഥാനത്തേക്കുള്ള പരാജയത്തിന് ശേഷമാണ്.
ഇസ്രായേലി പത്രമായ ഹാരെറ്റ്സിൽ ‘ഇന്ത്യ ഇസ്രായേലിനോട് അസൂയപ്പെടുന്നു’ എന്ന പേരിലെഴുതിയ ലേഖനം മുതൽ ഏറ്റവുമൊടുവിലെ മോദി പരാമർശങ്ങൾ വരെ വിവാദങ്ങളുടെ നീണ്ട പരമ്പരയാണ് തരൂരിന്റെ അക്കൗണ്ടിലുള്ളത്. കേന്ദ്ര സഹമന്ത്രിയായ ശേഷം ഔദ്യോഗിക വസതിക്ക് പകരം മൂന്ന് മാസം തുടർച്ചയായി പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതും ഐ.പി.എൽ വിവാദത്തെ തുടർന്ന് സഹമന്ത്രി സ്ഥാനം രാജിവെച്ചതും കന്നുകാലി ക്ലാസ് പരാമർശവുമടക്കം ഇവ നീളുന്നു. ഈ ഘട്ടങ്ങളിലെല്ലാം ചേർത്തുപിടിച്ച പാർട്ടിയെയാണ് തരൂർ ഇപ്പോൾ തള്ളിപ്പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.