കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് കേരളത്തിൽ ചൂടേറി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂർ കേരളത്തിൽ ക്യാമ്പ് ചെയ്ത് വോട്ടഭ്യർഥന തുടങ്ങിയതോടെ പ്രചാരണത്തിന് ചൂടേറി. അതേസമയം, പാർട്ടിയിലെ മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വത്തിനെതിരായ നിലപാടും കടുപ്പിച്ചു.
കഴിഞ്ഞദിവസം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയ തരൂരിനെ സ്വീകരിക്കാൻ നേതാക്കൾ ആരുമുണ്ടായില്ല. തെരഞ്ഞെടുപ്പിനുള്ള തിരിച്ചറിയൽ കാർഡ് കൈപ്പറ്റാനാണ് തരൂർ എത്തിയതെന്നാണ് വിശദീകരണം. സംഘടന ചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറി ടി.യു. രാധാകൃഷ്ണനിൽനിന്നാണ് അദ്ദേഹം തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയത്. മുതിർന്ന നേതാക്കളാരും മുഖംകൊടുക്കാൻ തയാറാകാത്തത് തിരിച്ചടിയായെങ്കിലും തന്‍റെ പ്രതീക്ഷ യുവാക്കളിലാണെന്നാണ് തരൂരിന്‍റെ പക്ഷം.
തിങ്കളാഴ്ച ഉമ്മൻ ചാണ്ടിയെ തരൂർ വസതിയിൽ സന്ദർശിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായതെന്നറിയുന്നു. തെന്നല ബാലകൃഷ്ണ പിള്ള, വക്കം പുരുഷോത്തമൻ എന്നീ മുതിർന്ന നേതാക്കളെയും അദ്ദേഹം സന്ദർശിച്ചു. അതിനിടെ, തരൂരിന്‍റെ എതിരാളി ഖാർഗെക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഗുജറാത്തിലെ അഹ്മദാബാദിലുള്ള ചെന്നിത്തല വ്യാഴാഴ്ച ഖാർഗെക്കൊപ്പം അവിടെ പ്രചാരണം നടത്തും.
തരൂർ അടുത്ത സുഹൃത്താണെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നാണ് ചെന്നിത്തലയുടെ പക്ഷം. താഴെത്തട്ടിലിറങ്ങി പ്രവർത്തിച്ച പാരമ്പര്യം അദ്ദേഹത്തിനില്ല. പിന്തുണക്കാൻ കഴിയില്ലെന്ന സൂചന ചെന്നിത്തല നേരത്തേ തന്നെ തരൂരിന് നൽകിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എന്നിവരും ഖാർഗെക്കുള്ള പിന്തുണ പരസ്യമാക്കിയിട്ടുണ്ട്. കെ. മുരളീധരനും ഖാർഗെക്ക് പരസ്യപിന്തുണ അറിയിച്ചു. യുവനേതാക്കളായ ഹൈബി ഈഡൻ എം.പി, കെ.എസ്. ശബരീനാഥൻ, മാത്യു കുഴൽനാടൻ എന്നിവർ തരൂരിന് പരസ്യപിന്തുണ അറിയിച്ചിട്ടുണ്ട്. എം.കെ. രാഘവൻ എം.പി, തമ്പാനൂർ രവി, കെ.സി. അബു തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്.
മുതിർന്ന നേതാക്കളുടെ അപ്രീതി ഒഴിവാക്കാൻ പലരും പരസ്യമായി തന്നെ പിന്തുണക്കാൻ മടിച്ചേക്കുമെങ്കിലും രഹസ്യ വോട്ടെടുപ്പായതിനാൽ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് തരൂർ. അതേസമയം ദേശീയതലത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ പിന്തുണക്കുന്ന, നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുള്ള മല്ലികാർജുൻ ഖാർഗെക്ക് ബഹുഭൂരിപക്ഷം വോട്ടും ഉറപ്പിക്കുകയാണ് മറുപക്ഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.