കോൺഗ്രസ്: നേതൃമാറ്റ സൂചന നൽകി ഹൈകമാൻഡ്
text_fieldsതിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റ സൂചന നൽകി എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ. പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നും ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റാൻ ചർച്ച നടക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു.
സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി ദീപാദാസ് മുൻഷി ഇതുസംബന്ധിച്ച് നേതാക്കളുടെ അഭിപ്രായം തേടിയതാണ് നേതൃമാറ്റ ചർച്ചക്ക് തുടക്കമിട്ടത്. താനറിയാതെ നടന്ന ചർച്ചയിൽ പ്രതിഷേധമറിയിച്ച് സുധാകരൻ ഹൈകമാൻഡിനെ സമീപിച്ചു. തുടർന്ന് ഹൈകമാൻഡ് ഇടപെട്ട് നേതൃമാറ്റ ചർച്ചകൾക്ക് തടയിടുകയായിരുന്നു. എന്നാൽ, പുനഃസംഘടനയുമായി മുന്നോട്ടെന്ന വേണുഗോപാലിന്‍റെ പരാമർശം നേതൃമാറ്റത്തിലേക്കുള്ള സൂചനയാണ്.
2025 പാര്‍ട്ടിയില്‍ പുനഃസംഘടനയുടെ വര്‍ഷമാണെന്നും അതിനുള്ള തീരുമാനം ബെല്‍ഗാവില്‍വെച്ച് എടുത്തിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹൈക്കമാൻഡ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കില്‍ അതിനെല്ലാം വ്യവസ്ഥാപിതമായ മാര്‍ഗമുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മുന്നോട്ടുപോകും. കൂടിയാലോചന ശക്തമാക്കും. സംസ്ഥാനത്ത് പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.