പാർട്ടി ഓഫിസിനായി വീടുവിറ്റ പാച്ചേനിക്ക് പാർട്ടി വീടൊരുക്കുന്നു
text_fieldsസതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം കണ്ണൂർ ഡി.സി.സി
ഓഫിസിൽനിന്ന് പയ്യാമ്പലത്തേക്ക് കൊണ്ടുപോകുന്നു
കണ്ണൂർ: കോൺഗ്രസ് ഭവൻ നിർമാണത്തിനായി സ്വന്തം വീടുവിറ്റ പണം ഉപയോഗിച്ച സതീശൻ പാച്ചേനിയുടെ കുടുംബത്തിനായി പാർട്ടി വീടൊരുക്കും. കണ്ണൂര് തളാപ്പ് റോഡിലെ പഴയ ഓഫിസ് പുതുക്കിപ്പണിയാൻ പൊളിച്ചെങ്കിലും 10 വർഷത്തിലേറെ നിർമാണം എങ്ങുമെത്താതെ നിന്ന ഘട്ടത്തിലാണ് ഡി.സി.സി അധ്യക്ഷൻ പാച്ചേനി തളിപ്പറമ്പ് പുളിമ്പറമ്പിലെ സ്വന്തം വീട് വിൽപന നടത്തി ലഭിച്ച ലക്ഷങ്ങൾ ഓഫിസ് നിർമാണം ഏറ്റെടുത്ത കാരാറുകാരന് കൈമാറിയത്.
അതിനു ശേഷമാണ് പ്രവൃത്തിക്ക് ഗതിവേഗം വന്നത്. 6,500 ചതുരശ്രഅടി വിസ്തീർണത്തിൽ ആധുനിക സംവിധാനത്തിൽ നിർമാണം പൂർത്തിയായ കണ്ണൂർ ഡി.സി.സി ഓഫിസ് രാജ്യത്ത് തന്നെ രണ്ടാമത്തെ വലിയ കോൺഗ്രസ് മന്ദിരമാണ്.
സ്വന്തം വീട് പാർട്ടി ആസ്ഥാനത്തിനുവേണ്ടി വിൽപന നടത്തിയ സതീശൻ പാച്ചേനി സ്വന്തമായൊരു വീടുപോലുമില്ലാതെയാണ് ജീവിതത്തിൽനിന്ന് മടങ്ങിയത്. കണ്ണൂർ പള്ളിക്കുന്നിൽ വാടക വീട്ടിൽ കഴിയവെയാണ് ഒക്ടോബർ 19ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയിൽ ചികിത്സയിൽ തുടരവെ മരണത്തിന് കീഴടങ്ങിയതും.
സ്വന്തം മക്കളെ വിവാഹം ചെയ്തയച്ച ഒരച്ഛന്റെ സംതൃപ്തിയാണ് താൻ അനുഭവിക്കുന്നതെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഒടുവിൽ, സ്വന്തമായൊരു വീടുപോലുമില്ലാത്ത ജീവിതത്തിൽനിന്ന് പാച്ചേനി വിടവാങ്ങുമ്പോൾ ആദർശ ജീവതത്തിന്റെ ഉത്തമ ഉദാഹരണമായ പ്രിയനേതാവിന്റെ വേർപാട് സഹപ്രവർത്തകർക്കും അണികൾക്കുമിടയിൽ വലിയ നോവാണ് സൃഷ്ടിച്ചത്.
ഈ അവസരത്തിലാണ് പാച്ചേനിയുടെ കുടുംബത്തിന് സ്വന്തമായൊരു വീട് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ചു നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ സർവകക്ഷി അനുശോചനചടങ്ങിനിടെ പ്രഖ്യാപിച്ചത്. പാച്ചേനിയുടെ മുഴുവൻ ബാധ്യതകളും പാർട്ടി ഏറ്റെടുക്കും. കൈയടികളോടെയാണ് ഈ തീരുമാനം പ്രവർത്തകർ എതിരേറ്റത്.
സതീശൻ പാച്ചേനിക്ക് നാടിന്റെ യാത്രാമൊഴി
കണ്ണൂർ: കോൺഗ്രസിന്റെ സൗമ്യമുഖവും കണ്ണൂർ ഡി.സി.സി മുൻ പ്രസിഡൻറുമായ സതീശൻ പാച്ചേനിക്ക് നാടിന്റെ യാത്രാമൊഴി. നേതാക്കളുടെയും പ്രവർത്തകരുടെയും വികാരനിർഭരമായ മുദ്രാവാക്യം വിളികൾക്കിടയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പയ്യാമ്പലം കടപ്പുറത്ത് പാച്ചേനിയുടെ ഭൗതികശരീരം തീനാളങ്ങൾ ഏറ്റുവാങ്ങി. മകൻ ജവഹർ ചിതക്ക് തീകൊളുത്തി. സഹോദരൻ സുരേശന് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.
കണ്ണൂർ ജില്ല കോൺഗ്രസ് ഭവനിൽ പൊതുദർശനത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കാൽനടയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. ആയിരങ്ങൾ അന്ത്യയാത്രയെ അനുഗമിച്ചു. സംസ്കാരത്തിന് ശേഷം പയ്യാമ്പലം പാർക്കിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. രാഹുൽ ഗാന്ധി പാച്ചേനിയുടെ കുടുംബാംഗങ്ങളെ ഫോണിലൂടെ അനുശോചനമറിയിച്ചു.
വ്യാഴാഴ്ച പരിയാരം അമ്മാനപ്പാറയിലെ സഹോദരന്റെ വീട്ടിലും തളിപ്പറമ്പ് കോൺഗ്രസ് ഭവനിലും പൊതുദർശനത്തിന് ശേഷം രാത്രിയോടെ മൃതദേഹം കണ്ണൂർ ഡി.സി.സി ഓഫിസിൽ എത്തിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ ആറുമുതൽ തുടങ്ങിയ പൊതുദർശനം ഉച്ചക്ക് 12 വരെ തുടർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ, മുല്ലപ്പള്ളി രാമചന്ദ്രൻ, എഴുത്തുകാരൻ ടി. പത്മനാഭൻ, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയിലേറെയായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരവെയാണ് വ്യാഴാഴ്ച രാവിലെ 11.30ഓടെ സതീശൻ പാച്ചേനി മരണത്തിന് കീഴടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.