മണ്ഡലം പ്രസിഡന്റ് സി.പി.എമ്മിൽ: കോൺഗ്രസ് ഓഫിസ് ചുവപ്പണിയിക്കാൻ ശ്രമം; കോട്ടായിയിൽ സംഘർഷാവസ്ഥ
text_fieldsചുവന്ന പെയിന്റടിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചതോടെ പാലക്കാട് കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് പൊലീസ് താഴിട്ട് പൂട്ടിയ നിലയിൽ
കോട്ടായി (പാലക്കാട്): സി.പി.എമ്മിൽ ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണ്ഡലം കമ്മിറ്റി ഓഫിസ് ചുവപ്പ് പെയിന്റടിച്ച് സി.പി.എം ഓഫിസാക്കാൻ ശ്രമിച്ചത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ. കോട്ടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. മോഹൻകുമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ഔദ്യോഗികമായി ചേർന്നതിന് പിന്നാലെയാണ് സംഭവം.
60 വർഷമായി പ്രവർത്തിച്ചുവരുന്ന ഓഫിസ് കെ. മോഹൻകുമാറിന്റെ നിർദേശപ്രകാരം ചുവപ്പ് പെയിന്റടിക്കാൻ തിങ്കളാഴ്ച രാവിലെ പത്തോടെ ശ്രമം തുടങ്ങുകയായിരുന്നു. മൂന്നു ജോലിക്കാരെത്തി ഒരു ഭാഗം ചുവപ്പ് പെയിന്റടിച്ചു. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ പെയിന്റടിക്കുന്നത് തടഞ്ഞു.
മോഹൻ കുമാറിനൊപ്പം പാർട്ടിക്ക് പുറത്തുപോയ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് നൗഫൽ, േബ്ലാക്ക് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് ശശിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടയാൻ ശ്രമിച്ച കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ രംഗത്തെത്തി. കൈയാങ്കളിയിൽ കലാശിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും പിടിച്ചുമാറ്റി. അഞ്ചു മണിക്കൂർ നീണ്ട സംഘർഷാവസ്ഥ നിയന്ത്രിക്കാൻ ആലത്തൂർ ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തിയിരുന്നു.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റി ഓഫിസ് വാടകക്കരാർ മൂന്നു ദിവസം മുമ്പ് പുതുക്കിയത് തന്റെ പേരിലാണെന്നും അതിനാൽ കോൺഗ്രസിന് ബന്ധമില്ലെന്നും സ്വന്തം പേരിൽ വാടകക്കെടുത്ത ഓഫിസ് തന്റെ ഇഷ്ടപ്രകാരമാണ് ചുവപ്പ് പെയിന്റടിക്കുന്നതെന്നുമാണ് മോഹൻകുമാറിന്റെ വാദം. എന്നാൽ, 60 വർഷമായി പ്രവർത്തിച്ചുവരുന്ന ഓഫിസ് സ്വകാര്യമായി സ്വന്തം പേരിലേക്ക് മാറ്റിയത് വഞ്ചനയാണെന്നും ഇത് അംഗീകരിക്കുന്ന പ്രശ്നമില്ലെന്നുമാണ് കോൺഗ്രസുകാരുടെ വാദം. സംഘർഷം കനത്തതോടെ പൊലീസ് ലാത്തിവീശി.
മോഹൻകുമാറിനൊപ്പമുണ്ടായിരുന്ന പ്രവർത്തകർ ഓഫിസിൽ ബലമായി കയറിയതോടെ പൊലീസ് മുഴുവൻ പേരെയും പരിസരത്തുനിന്ന് നീക്കി ഓഫിസ് പൂട്ടി. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇരുവിഭാഗത്തിനും ഡിവൈഎസ്.പി നിർദേശം നൽകി. പ്രവർത്തകരിൽനിന്ന് ലഭിച്ച രേഖകൾ ആർ.ഡി.ഒക്ക് കൈമാറിയെന്നും ആർ.ഡി.ഒ അന്തിമ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പാലക്കാട് സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തേ, കോണ്‍ഗ്രസ് ജില്ല നേതൃത്വത്തെ വിമര്‍ശിച്ച് മോഹന്‍കുമാറും മറ്റു ചില നേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നാലെ കോട്ടായിയില്‍ വിമത കണ്‍വെന്‍ഷനും ചേർന്നിരുന്നു. അതിന് പിന്നാലെയാണ് മോഹന്കുമാറടക്കമുള്ള വിമത നേതാക്കള്‍ സി.പി.എമ്മിലെത്തിയത്.
രാഹുലിനും ഷാഫിക്കുമെതിരെ മോഹൻകുമാർ
പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് വര്‍ഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് സി.പി.എമ്മിൽ ചേർന്ന കെ. മോഹന്‍കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഷാഫി പറമ്പില്‍ പാലക്കാട് ജയിക്കുന്നത് വര്‍ഗീയത പറഞ്ഞാണ്. ഷാഫിയുടെ പെട്ടി പിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയത്. ഡി.സി.സി പ്രസിഡന്റിനുപോലും ഷാഫി പരിഗണന നല്‍കിയില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.