ശബരിമലയിൽ റോപ് വേ നിർമാണം ഉത്രംനാളിൽ തുടങ്ങും
text_fieldsവൈക്കം: ശബരിമലയിൽ റോപ് വേ നിർമാണത്തിന് വരുന്ന ഉത്രംനാളിൽ തുടക്കമിടുമെന്ന് മന്ത്രി വി.എൻ. വാസവൻ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്തുപാട്ടിന്‍റെയും കോടിയർച്ചനയുടെയും വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രായമായവരെയും ശാരീരിക അവശതകൾ നേരിടുന്നവരെയും ചുമന്നാണ് ഇപ്പോൾ സന്നിധാനത്തെത്തിക്കുന്നത്. അത് ചുമക്കുന്നവരിൽ വയോധികർ വരെയുണ്ട്. ഇതിന് പരിഹാരമായാണ് 17 വർഷം മുമ്പ് ഉയർന്നുവന്ന റോപ് വേ എന്ന ആശയം യാഥാർഥ്യമാക്കാൻ സർക്കാർ തീരുമാനിച്ചത്. 2.7 കിലോമീറ്റർ റോപ് വേ വരുന്നതോടെ സന്നിധാനത്തേക്ക് നിരന്തരം ഓടുന്ന ട്രാക്ടറുകൾ ഒഴിവാക്കാനാവും. ഇത് ശബരിമലയിലെ അന്തരീക്ഷ മലിനീകരണം വലിയതോതിൽ ഇല്ലാതാക്കും.
ശബരിമലയ്ക്കായി 778 കോടിയുടെയും പമ്പ, നിലക്കൽ 285 കോടിയുടെയും മാസ്റ്റർ പ്ലാൻ മന്ത്രിസഭ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. കോടിയർച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.