2017ലെ വയൽ സംരക്ഷണ നിയമഭേദഗതിക്ക് മുമ്പുള്ള നിർമാണത്തിന് ക്രമപ്പെടുത്തൽ ഉത്തരവ് ആവശ്യമില്ല –ഹൈകോടതി
text_fieldsകൊച്ചി: 2008െല കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 2017 ഭേദഗതിക്ക് മുമ്പ് നിർമാണം നടന്ന കെട്ടിടത്തിന് പെർമിറ്റ് ലഭിക്കാൻ ആർ.ഡി.ഒയുടെ ക്രമപ്പെടുത്തൽ (റെഗുലറൈസേഷൻ) ഉത്തരവ് ആവശ്യമില്ലെന്ന് ഹൈകോടതി.
കേരള ഭൂ വിനിയോഗ ഉത്തരവ് പ്രകാരം അനുമതി വാങ്ങാത്തതും റവന്യൂ രേഖകളിൽ നിലമെന്നുണ്ടെങ്കിലും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ നികത്തുഭൂമിയിൽ നിർമിച്ച കെട്ടിടത്തിനും ഇത് ബാധകമാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. നിർമാണാനുമതി തേടി നൽകിയ അപേക്ഷയിൽ കൊച്ചി കോർപറേഷൻ തീരുമാനമെടുക്കാത്തത് ചോദ്യം ചെയ്ത് കടവന്ത്രയിലെ ഗ്ലോബൽ എജുക്കേഷൻ ട്രസ്റ്റ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
കേരള ഭൂ വിനിയോഗ ഉത്തരവ് പ്രകാരം അനുമതി വാങ്ങാത്തതും റവന്യൂ രേഖകളിൽ നിലമെന്നുണ്ടെങ്കിലും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ ഭൂമി നികത്തി രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ 2008 നിയമത്തിലെ െസക്ഷൻ 27 പ്രകാരം ആർ.ഡി.ഒക്ക് ക്രമപ്പെടുത്താൻ അപേക്ഷ നൽകാമെന്നാണ് ചട്ടം. ആർ.ഡി.ഒയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ അവിടെ വീടോ വാണിജ്യ സ്ഥാപനമോ മറ്റോ നിർമിക്കാൻ അനുമതി തേടാം. എന്നാൽ, നെൽവയൽ, തണ്ണീർതട സംരക്ഷണ നിയമം നിലവിൽവന്ന 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ ഭൂമി നിയമപരമായി ക്രമപ്പെടുത്താനുള്ള അവസരമൊരുക്കാനാണ് 2017ലെ ഭേദഗതി കൊണ്ടുവന്നത്.
ഭേദഗതി വരുന്നതുവരെ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം അനുമതി തേടി വേണമായിരുന്നു നികത്തുഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ. 2008ന് മുമ്പ് നികത്തിയ സ്ഥലത്തെ കെട്ടിടനിർമാണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ ആർ.ഡി.ഒയുടെ ഉത്തരവ് ബാധകമല്ലെന്ന് രണ്ട് ഡിവിഷൻബെഞ്ച് ഉത്തരവുകൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
എന്നാൽ, 2017ന് മുമ്പ് ഭൂവിനിയോഗ ഉത്തരവ് വാങ്ങാതെ നടത്തിയ നിർമാണത്തിനും ആർ.ഡി.ഒയുടെ ക്രമപ്പെടുത്തൽ ഉത്തരവ് വേണ്ട. അതേസമയം, 2017ലെ ഭേദഗതിക്ക് മുമ്പ് നിർമിച്ചതിനേക്കാൾ കൂടുതൽ അളവിലുള്ള നിർമാണത്തിനോ പുനർനിർമാണത്തിനോ ആണ് അപേക്ഷ നൽകിയിട്ടുള്ളതെങ്കിൽ ശേഷിക്കുന്ന ഭാഗത്തിന് ക്രമപ്പെടുത്തൽ ഉത്തരവ് ആവശ്യപ്പെടാം. ഇക്കാര്യം പരിശോധിച്ച് വേണം നിർമാണ അനുമതി നൽകാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.