കേരള പഠനം 2.0; ഉപഭോക്തൃ ഉൽപന്ന ചെലവ് 356 ശതമാനം വർധിച്ചുവെന്ന് റിപ്പോർട്ട്
text_fieldsപാലക്കാട്: ഒന്നര പതിറ്റാണ്ടിനിടെ ഉപഭോക്തൃ ഉൽപന്നങ്ങൾ വാങ്ങാനുള്ള ചെലവിൽ 356.6 ശതമാനം വർധനയുണ്ടായതായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം 2.0 സർവേ. 2004ലെ കേരള പഠനം സർവേയിലെ കണ്ടെത്തലുകളിൽനിന്ന് ഏതെല്ലാം രംഗങ്ങളിൽ എന്തെന്തു മാറ്റങ്ങളാണ് 2019ലെ സർവേയിൽ വന്നത് എന്നതിന്റെ വിലയിരുത്തലാണ് പുറത്തുവന്നിട്ടുള്ളത്. 2004ലെ വിലനിലവാരം കണക്കാക്കിയാൽ 2019ൽ ശരാശരി ആളോഹരി വരുമാനത്തിൽ 96.4 ശതമാനം വർധനയുണ്ടായി. എന്നാൽ, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉപഭോഗച്ചെലവിൽ 103 ശതമാനവും ഉപഭോക്തൃ ഉൽപന്നങ്ങൾ വാങ്ങാനുള്ള ചെലവിൽ 356.6 ശതമാനം വർധനയുണ്ടായതായി സർവേ ഫലം വെളിപ്പെടുത്തുന്നു.
ഈ കാലയളവിൽ റഫ്രിജറേറ്ററുള്ള വീടുകൾ 32 ശതമാനത്തിൽനിന്ന് 65 ശതമാനമായും ഇരുചക്രവാഹനങ്ങൾ 18 ശതമാനത്തിൽനിന്ന് 51 ശതമാനമായും കാറോ ജീപ്പോ ഉള്ള വീടുകൾ ഏഴു ശതമാനത്തിൽനിന്ന് 20 ശതമാനമായും ഉയർന്നു. എ.സിയുള്ള വീടുകൾ ഒരു ശതമാനത്തിൽനിന്ന് 10 ശതമാനമായി ഉയർന്നു. കോൺക്രീറ്റ് വീടുകൾ 43 ശതമാനത്തിൽനിന്ന് 69 ശതമാനമായി. ഗ്യാസിന്റെ ഉപയോഗം 49 ശതമാനത്തിൽനിന്ന് 82 ശതമാനമായി. ഇത്തരത്തിൽ ഇടത്തരക്കാർക്ക് പ്രാമുഖ്യമുള്ള സമൂഹമായി കേരളം മാറിയെന്നാണ് വിലയിരുത്തൽ.
സമൂഹത്തിൽ വിഭാഗീയത പിടിമുറുക്കുന്നു
ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ സ്വയം വിലയിരുത്തുന്നവർ 2004നെ അപേക്ഷിച്ച് പകുതിയിലേറെ കുറഞ്ഞു. പക്ഷേ, അടുത്ത വീട്ടുകാർ ആരൊക്കെയാണ് എന്ന ചോദ്യത്തിന് ജാതിയോ മതമോ അടിസ്ഥാനമാക്കി ഉത്തരം നൽകുന്നവർ 9.8 ശതമാനത്തിൽനിന്ന് 18.5 ശതമാനമായി വർധിച്ചു. അതായത്, ജാതി-മത അടിസ്ഥാനത്തിൽ അയൽക്കാരെ നോക്കിക്കാണുന്നവരുടെ എണ്ണം കൂടുന്നു എന്നത് സമൂഹത്തിൽ വിഭാഗീയത പിടിമുറുക്കുന്നു എന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.മതാധിഷ്ഠിത രാഷ്ട്രീയത്തെ കേരളം അംഗീകരിക്കുന്നില്ല എന്നാണ് പ്രതികരണങ്ങൾ കാണിക്കുന്നത്. എന്നാൽ, സ്കൂൾ പ്രവേശനത്തിൽ ജാതി-മത സ്ഥാപനങ്ങൾ താൽപര്യപ്പെടുന്നവർ 10.7 ശതമാനമുണ്ട്. വിജാതീയ വിവാഹങ്ങളോടുള്ള വിയോജിപ്പ് അൽപം വർധിച്ചു. പട്ടികജാതി വിഭാഗത്തിൽ ഇതര സമുദായ വിവാഹങ്ങളോട് അത്ര എതിർപ്പില്ല. സ്വന്തം സമുദായം നടത്തുന്ന വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെ ചേർക്കാൻ ഇഷ്ടപ്പെടുന്നവർ കൂടുതലായുള്ളത് പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിലാണ്.
സർക്കാർ ഓഫിസുകളിൽ കൈക്കൂലി കുറഞ്ഞു
ഇലക്ട്രിസിറ്റി ഓഫിസുകളിൽ കാര്യങ്ങൾ നടക്കാൻ പ്രയാസമാണെന്ന് പ്രതികരിച്ചവർ 2004ൽ 64.6 ശതമാനമായിരുന്നത് 2019ൽ 15.9 ശതമാനമായി കുറഞ്ഞു. 2004ൽ 75 ശതമാനം പേർ പൊലീസ് സ്റ്റേഷനിൽ സേവനം ലഭിക്കാൻ വിഷമമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 2009 സർവേയിൽ 30.8 ശതമാനം മാത്രമാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ അപേക്ഷിച്ച് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുമാണ് മെച്ചം എന്നാണ് അഭിപ്രായം.
2004ൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളാണ് മെച്ചമെന്നായിരുന്നു കണ്ടെത്തൽ. കാര്യം നടക്കാൻ സർക്കാർ ഓഫിസുകളിൽ കൈക്കൂലി കൊടുക്കേണ്ടിവന്നവർ 25.9 ശതമാനമായിരുന്നത് 8.6 ശതമാനത്തിലേക്കു കുറഞ്ഞു. കൊടുത്തവരിൽ 57.6 ശതമാനവും നിർബന്ധിതരായി കൊടുത്തവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.