അരലക്ഷം ടൺ ഭാരം വഹിക്കും, 4252 കണ്ടെയ്നറുകളും; അറിയാം തീപിടിച്ച എം.വി. വാൻഹായ് 503 കപ്പലിനെ
text_fieldsകോഴിക്കോട്: വാൻഹായ് ലൈൻസിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സിംഗപ്പൂർ കപ്പലാണ് ഇന്ന് കേരളതീരത്തിന് സമീപം കപ്പൽ പാതയിൽ തീപ്പിടിച്ച എം.വി. വാൻഹായ് 503. 2005ൽ തായ്‍വാനിലെ കാവോസിയുങ് സി.എസ്.ബി.സി കോർപറേഷൻ നിർമിച്ച ചരക്കു കപ്പലാണിത്.
പാനമ കനാലിൽ സഞ്ചരിക്കാൻ പാകത്തിൽ രൂപകൽപന ചെയ്ത വാൻഹായ് 503ന് 268.8 മീറ്റർ നീളവും 32.3 മീറ്റർ വീതിയുമുണ്ട്. ചൈന, ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചൈന- ഇന്ത്യ എക്സ്പ്രസ് റൂട്ടിലാണ് നിലവിൽ ചരക്ക് ഗതാഗതം നടത്തുന്നത്. മണിക്കൂറിൽ 24.4 നോട്ടിക്കൽ മൈൽ (45.2 കിലോമീറ്റർ) വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും.
42,532 ടൺ ചരക്ക് ഉൾപ്പെടെ ആകെ 51,300 ടൺ ഭാരം താങ്ങാൻ ശേഷിയുണ്ട്. 20 അടി നീളവും എട്ടടി വീതിയും എട്ടര അടി ഉയരവുമുള്ള 4,252 കണ്ടെയ്നറുകൾ വരെ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
മുങ്ങിയ കപ്പലിന് ജലാന്തര രക്ഷാപ്രവർത്തനം
കൊച്ചി: കേരള തീരത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ കണ്ടെയ്‌നർ കപ്പലായ എം.എസ്.സി എൽസ-മൂന്നിന്‍റെ വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം കൊച്ചിയിൽനിന്ന് ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡിന്‍റെയും സംസ്ഥാന അധികാരികളുടെയും ഏകോപനത്തിലാണ് രക്ഷാപ്രവർത്തനം.
‘സീമെക്ക് 3’ എന്ന ഡൈവിങ് സപ്പോർട്ട് വെസലാണ് രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചത്. റിമോട്ട്ലി ഓപറേറ്റഡ് വെഹിക്ൾസ് (ആർ.ഒ.വി), ഡൈവിങ് ഉപകരണങ്ങൾ, ഡീ കംപ്രഷൻ സംവിധാനങ്ങൾ എന്നിവ കപ്പലിലുണ്ട്. 12 മുങ്ങൽവിദഗ്ധരുടെ സംഘവും എയർഡൈവിങ് പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്. കൂടുതൽ ചോർച്ച തടയുന്നതിന് ഇന്ധന എണ്ണ ടാങ്കുകളുടെ തുറസ്സുകൾ തിരിച്ചറിഞ്ഞ് അടക്കലാണ് പ്രാരംഭഘട്ടത്തിൽ ഡൈവർമാർ ചെയ്യുന്നത്.
ചൂടുള്ള ടാപ്പിങ് വഴി ടാങ്കുകളിൽനിന്ന് എണ്ണ നീക്കംചെയ്യുന്ന രണ്ടാംഘട്ടം ജൂലൈ മൂന്നിനകം പൂർത്തിയാക്കാനാണ് പദ്ധതി. ടി.ആൻഡ്.ടി സാൽവേജിന്‍റെ (സിംഗപ്പൂർ) ഓഫ്‌ഷോർ സപ്പോർട്ട് കപ്പലുകളായ ‘നന്ദ് സാർത്തി’, ‘ഓഫ്‌ഷോർ വാരിയർ’ എന്നിവ തീരത്ത് കണ്ട എണ്ണപ്പാട നീക്കാൻ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സമുദ്രപ്രഹരിയും നിരീക്ഷണത്തിനും അടിയന്തര പ്രതികരണത്തിനുമായി തീരത്ത് തുടരുന്നുണ്ട്.
ബേപ്പൂർ തുറമുഖവും സജ്ജമായി
ബേപ്പൂർ: കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന ‘വാൻഹായ് 503’ എന്ന ചരക്ക് കപ്പലിന് തീപിടിച്ച വിവരമറിഞ്ഞ ഉടനെ ബേപ്പൂർ തുറമുഖവും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സി-144 ഇന്‍റർസെപ്റ്റർ ബോട്ട് മെഡിക്കൽ അസിസ്റ്റന്റ് അടക്കമുള്ള 15 ജീവനക്കാരുമായി അപകട സ്ഥലത്തേക്ക് കുതിച്ചു. തീപിടിച്ച കപ്പലിൽനിന്ന് കടലിലേക്ക് ചാടിയവരിൽ കാണാതായ നാലുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇൻറർസെപ്റ്റർ ബോട്ടും പങ്കാളിയായി.
അപകടത്തിൽപ്പെട്ട കപ്പൽ ജീവനക്കാരെ തുറമുഖത്ത് എത്തിക്കുകയാണെങ്കിൽ ഉടനെ ആശുപത്രിയിൽ എത്തിക്കുന്നതിന് രണ്ട് ആംബുലൻസുകളും സജ്ജമാക്കി നിർത്തിയിരുന്നു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി. അപകടം അറിഞ്ഞയുടൻ തന്നെ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ തുറമുഖ അധികാരികൾക്ക് നിർദേശം ലഭിച്ചിരുന്നു. നേവിയുടെ വലിയ കപ്പലിലാണ് രക്ഷപ്പെടുത്തിയവരെ കൊണ്ടുവരുന്നതെങ്കിൽ തീരത്തേക്ക് അടുക്കാൻ സംവിധാനമില്ലാത്തതിനാൽ പുറംകടലിൽനിന്ന് ഏറ്റുവാങ്ങാൻ ബദൽ മാർഗങ്ങളും സംവിധാനിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.