അഴിമതി: വിജിലൻസ് അന്വേഷണം കൂടുതൽ തദ്ദേശഭരണ വകുപ്പിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ അഴിമതി സംബന്ധിച്ച് ഏറ്റവുമധികം വിജിലൻസ് അന്വേഷണം നടക്കുന്നത് തദ്ദേശ ഭരണവകുപ്പിൽ. വിജിലൻസിന്റെ ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാർ വകുപ്പുകളിൽ അഴിമതിയില്ലാതാക്കാൻ ശക്തമായ നീക്കങ്ങളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മുന്നോട്ടു പോകുമ്പോഴും അഴിമതി തുടരുകയാണെന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു.
പൊതുജനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന വകുപ്പുകളിലാണ് അഴിമതിയും ക്രമക്കേടും ഏറ്റവുമധികം. വിവിധ ആവശ്യങ്ങൾക്കായി നിത്യേന നിരവധി പേർ എത്തുന്ന തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നത്. കൈക്കൂലി നൽകാതെ ഒരുകാര്യവും നടക്കില്ലെന്ന അവസ്ഥയിലേക്ക് ഈ വകുപ്പ് മാറിയെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് 41 കേസിലെ വിജിലൻസ് അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇതിൽ പല സർട്ടിഫിക്കറ്റുകളും അനുമതിയും ലഭിക്കാൻ കൈക്കൂലി വാങ്ങിയത് മുതൽ ഫയലുകൾ പൂഴ്ത്തിവെച്ചത് വരെയുണ്ട്.
തദ്ദേശവകുപ്പ് കഴിഞ്ഞാൽ ജനങ്ങൾ ആശ്രയിക്കുന്ന റവന്യൂ, സഹകരണ വകുപ്പുകളിലാണ് വിജിലൻസ് കേസ് കൂടുതൽ. വില്ലേജ്, താലൂക്ക് ഓഫിസുകളിലെ സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പിലെ കേസുകൾ. 26 കേസുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്. വായ്പാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരണ വകുപ്പിലും 26 കേസുകളുണ്ട്. പൊതുമരാമത്ത് വകുപ്പിൽ 15 അന്വേഷണങ്ങളാണ് നടക്കുന്നത്. മോട്ടോർ വാഹന വകുപ്പിനെ ഉദ്യോഗസ്ഥർ കറവപ്പശുവായി കാണുന്നുവെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 10 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണമുണ്ട്. ജനങ്ങൾക്ക് സൗജന്യ സേവനം നൽകേണ്ട ആരോഗ്യം, പൊലീസ് വകുപ്പുകളും അഴിമതിയിൽ പിന്നിലല്ല.
ഈ വകുപ്പുകളിൽ ഒമ്പത് വീതവും വനംവകുപ്പിൽ ആറും പട്ടികജാതി-വർഗ വികസന കോർപറേഷനിൽ അഞ്ചും മൈനിങ് ആൻഡ് ജിയോളജി, വിദ്യാഭ്യാസം, കൃഷി വകുപ്പുകളിൽ നാലുവീതവും വ്യവസായം, ഫിഷറീസ് മൂന്ന് വീതവും ബെവ്കോ, കെ.എസ്.ഇ.ബി, ജലവിഭവം, ട്രഷറി എന്നിവയിൽ രണ്ടുവീതവും വിജിലൻസ് അന്വേഷണങ്ങൾ നടക്കുകയാണ്. ഇതിനുപുറമെ വിവിധ വകുപ്പുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനകളുടെ അടിസ്ഥാനത്തിൽ നടപടികൾക്ക് ശിപാർശ ചെയ്ത റിപ്പോർട്ടുകൾ വേറെയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

