‘രാഹുലിനെതിരെ തെളിവില്ല, ഗർഭഛിദ്രം നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തത വേണം’; വാർത്തയുടെ പേരിൽ ഉടൻ കേസെടുക്കേണ്ടെന്ന് പൊലീസ്
text_fieldsകൊച്ചി: യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഗർഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെൺകുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
കേസിൽ മുന്നോട്ടു പോകണമെങ്കിൽ ഇരയെ കണ്ടെത്തുകയോ ഇര കൂടുതൽ വിവരങ്ങൾ കൈമാറുകയോ പരാതി നൽകാനോ തയാറാകണം. ഗർഭഛിദ്ര ആരോപണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്ന് കാത്തിരിക്കാമെന്നാണ് പൊലീസ് തീരുമാനം.
ഇതോടൊപ്പം രാഹുലിനെതിരെ പാർട്ടിയിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ പാർട്ടിയെ സമീപിക്കുമോ എന്നറിയാനും പൊലീസിന് നീക്കമുണ്ട്.
യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രൽ പൊലീസിലും ബാലാവകാശ കമീഷനും പരാതി നൽകിയത്. യുവതിയും രാഹുലും തമ്മിലുള്ളതെന്ന നിലയിൽ പുറത്തുവന്ന ഫോൺ സംഭാഷണം ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നത് കുറ്റകരമായിരിക്കെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രവര്‍ത്തി. പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ പ്രകാരം സ്ത്രീയെ രാഹുല്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ട്. പല ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കാൻ ബാലാവകാശ കമീഷന് ഇടപെടണമെന്നും സത്യാവസ്ഥ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമീഷന് ചെയര്പേഴ്സന് നല്കിയ പരാതിയിലെ ആവശ്യം. അതേസമയം, വിഷയത്തില്‍ രാഹുലിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.