സൗഹാർദത്തിന് ഒരുമയുടെ ശബ്ദം; കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ പ്രഖ്യാപിച്ചു
text_fieldsകൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ (സി.സി.സി) പ്രഖ്യാപന വേളയിൽ ദലൈലാമയുടെ പ്രതിനിധിയായി തിബത്തൻ പാർലമെൻറ് മുൻ ഡെപ്യൂട്ടി സ്പീക്കർ ആചാര്യ യെഷി ഫുൺട്സോക് സംസാരിക്കുന്നു
കൊച്ചി: മനുഷ്യത്വം എന്ന ആശയത്തിൽ ഊന്നി സാഹോദര്യ സന്ദേശം പ്രചരിപ്പിച്ച് കാലഘട്ടത്തിന്റെ അനിവാര്യതക്ക് പ്രൗഢോജ്വല തുടക്കം. മതവൈരങ്ങളും കാലുഷ്യങ്ങളും ഇല്ലാത്ത ഒരുമയുടെ കാലഘട്ടം ലക്ഷ്യമിട്ട് കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപറേഷനെന്ന (സി.സി.സി) കൂട്ടായ്മ പ്രഖ്യാപിക്കപ്പെട്ടു. ജാതിമത വർഗ വ്യത്യാസങ്ങൾക്കതീതമായി വിവിധ മത, സാമുദായിക സംഘടനാ നേതൃത്വങ്ങൾ കൈകോർത്തപ്പോൾ എറണാകുളം ടൗൺഹാൾ മതസൗഹാർദത്തിന്റെ സംഗമവേദിയായി.
ലോകസമാധാന സന്ദേശവാഹകൻ തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പ്രതിനിധിയായി തിബത്തൻ പാർലമെന്റ് മുൻ ഡെപ്യൂട്ടി സ്പീക്കർ ആചാര്യ യെഷി ഫുൺട്സോക് പരിപാടിയിൽ പങ്കെടുത്തു. എല്ലാ മതങ്ങളും കരുണയുടെ സന്ദേശമാണ് നല്‍കുന്നത്.
മെച്ചപ്പെട്ട അവബോധത്തിലൂടെ മാനവികതയുടെ ഒരു വികാരം സൃഷ്ടിക്കാനും ലോക സമാധാനത്തിന് സംഭാവന നല്‍കാനും കഴിയും -അദ്ദേഹം വ്യക്തമാക്കി.
മനുഷ്യത്വമാണ് സംഘടനയുടെ പ്രധാന കാഴ്ചപ്പാടെന്ന് കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ ചെയർമാൻ ഡോ. പി. മുഹമ്മദലി ഗൾഫാർ പറഞ്ഞു. സാമുദായിക മൈത്രി നിലനിർത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന ആശയത്തിൽ അടിയുറച്ച് നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യത്തിനും സാഹോദര്യത്തിനുമായി നിലകൊള്ളുമെന്ന പ്രതിജ്ഞ വേദിയിലും സദസ്സിലുമുള്ളവർ ഏറ്റുചൊല്ലിയാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എറണാകുളം കരയോഗം പ്രസിഡൻറ് പി. രാമചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാലത്തിന്റെ വിളികേട്ട് ഒരുമയുടെ താളം തീർക്കുകയാണ് ഈ സുദിനമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരുമയും സഹിഷ്ണുതയും സ്നേഹവും പങ്കുവെക്കുകയെന്നത് മനുഷ്യരാശിയുടെ ആവശ്യമാണ്. പ്രളയവും കോവിഡുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികളുടെ കാലഘട്ടത്തിൽ ഒരുമിച്ചുനിന്ന് നേരിട്ടവരാണ് കേരളീയർ. സ്നേഹ സഞ്ചാരത്തിലൂടെ പുതിയ കേരളത്തെ കെട്ടിപ്പടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔഷധമൂല്യമുള്ള ഒരു വൃക്ഷത്തൈയാണ് കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷനിലൂടെ കേരളത്തിന്റെ നടുമുറ്റത്ത് നട്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാന് പറഞ്ഞു. ഇതിന് വെള്ളവും വളവും നൽകി പരിപാലിക്കണം. ജനങ്ങൾക്ക് പ്രതീക്ഷയുടെ പൂക്കൾ നൽകണം. ഈ വൻവൃക്ഷത്തിന് കീഴിൽ നാടിനെ ചേർത്തുനിർത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. അധികാരം നേടാനുള്ള ശ്രമമാണ് ലോകത്തെങ്ങും ഇപ്പോൾ കാണുന്നതെന്ന് മലങ്കര ഒര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് മൂന്നാമന് പറഞ്ഞു. ഖുർആൻ മാനവികതയിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായ ആശയമാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു.
കെ.എന്‍.എം വൈസ് ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍, സി.എച്ച്. അബ്ദുൽ റഹീം, വിവേകാനന്ദ യോഗാസന കേന്ദ്രം പ്രസിഡൻറ് സ്വാമി പുരന്ദരാനന്ദ മഹാരാജ്, ശിവഗിരി മഠം ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, സിറോ മലബാര്‍ സഭ ബിഷപ് മാത്യു അറക്കല്‍, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനത്തിലെ മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര് അന്തിമോസ്, സ്വാമി ശ്രീഹരി പ്രസാദ്, മാര്‍ത്തോമ സഭ വൈദികന് ജോര്‍ജ് മാത്യു, ഇസ്ലാമിക പണ്ഡിതന് സി.പി. ഉമര്‍ സുല്ലമി, സിറോ മലബാര്‍ സഭ മീഡിയ കമീഷന് ചെയര്മാന് ഫാ. ആൻറണി വടക്കേക്കര എന്നിവര്‍ സംസാരിച്ചു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. യാക്കോബ് െഎറേനിയസ്, മുഹമ്മദ് ഫൈസി ഓണമ്പള്ളി, അഡ്വ. മുഹമ്മദ് ഷാ, ഡോ.എം.സി. ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.