കണ്ണീർതിരയിൽ രാമചന്ദ്രന് വിടയേകി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ, സാക്ഷിയായി വൻ ജനക്കൂട്ടം
text_fieldsകൊച്ചി: കണ്ണീരോർമകൾക്കും പ്രാർഥനകൾക്കുമിടെ ‘നീരാഞ്ജനം’ വീട്ടിലേക്ക് വെള്ളിയാഴ്ച എൻ. രാമചന്ദ്രന്റെ (65) മൃതദേഹമെത്തി. മൂന്നുദിവസം മുമ്പ് വരെ കളിയും ചിരിയും നിറഞ്ഞുനിന്ന വീട് അന്നേരം ശോകമൂകമായിരുന്നു. പഹൽഗാമിൽ ഭീകരവാദികളുടെ ക്രൂരതയിൽ നിനച്ചിരിക്കാതെ ജീവൻ നഷ്ടമായ രാമചന്ദ്രന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഭാര്യ ഷീല പലവട്ടം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. മകൻ അരവിന്ദ്, മകൾ ആരതി തുടങ്ങിയവരെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെച്ചു. വർഷങ്ങളായി ഇടപ്പള്ളിയുടെ പൊതുമണ്ഡലത്തിൽ സജീവമായിരുന്ന രാമചന്ദ്രന്റെ സ്വീകാര്യത വിളിച്ചറിയിക്കുന്നവിധം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്. ബന്ധുക്കൾക്കും മിത്രങ്ങൾക്കും പുറമെ നാട്ടിലും മറുനാട്ടിലുമുള്ളവർകൂടി ഇടപ്പള്ളിയിലെത്തിയതോടെ പ്രദേശം ജനനിബിഡമായി. നിശ്ചിതസമയം കഴിഞ്ഞ് ഒമ്പതരയോടെ മൃതദേഹം അടുത്ത ബന്ധുക്കളടക്കമുള്ളവർക്ക് ആദരാഞ്ജലിയർപ്പിക്കാൻ വീട്ടിലേക്കെടുത്തു. ഈ സമയം ഭാര്യ ഷീല, മകൾ ആരതി, ഉറ്റ ബന്ധുക്കൾ എന്നിവർ ചേർന്ന് ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിച്ചത് വികാരനിർഭര രംഗങ്ങൾ സൃഷ്ടിച്ചു.
അന്ത്യകർമങ്ങൾ പൂർത്തിയാക്കി സംസ്കാരത്തിനായി ഇടപ്പള്ളി ‘ശാന്തി സദന’ത്തിലേക്ക് എടുക്കുംമുമ്പേ പൊലീസ് ഔദ്യോഗിക ബഹുമതികളർപ്പിച്ചു. മക്കളായ അരവിന്ദും ആരതിയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ശ്മശാനത്തിലും ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി പൊലീസ് ആകാശത്തേക്ക് വെടിയുതിർത്ത് ആദരവർപ്പിച്ചു. തുടർന്ന് മകൻ അരവിന്ദ് പിതാവിന്റെ ചിതക്ക് തീകൊളുത്തി. സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, കൊച്ചി മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്സി, മോൻസ് ജോസഫ്, നടൻ ജയസൂര്യ, സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജസ്റ്റിസ് ബി. കെമാൽ പാഷ, കെ. ചന്ദ്രൻപിള്ള അടക്കം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മേഖലകളിലെ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തുടർന്ന് ചങ്ങമ്പുഴ പാർക്കിൽ അനുശോചനയോഗം ചേർന്നു.
ഭാര്യക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് വിനോദയാത്ര പോയ എൻ. രാമചന്ദ്രന് മകളുടെയും പേരക്കുട്ടികളുടെയും കണ്മുന്നില്വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിടുകയായിരുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.