സഹോദരന്റെ ഇരട്ടശസ്ത്രക്രിയക്ക് അവയവങ്ങൾ ദാനംചെയ്ത് ദമ്പതികൾ
text_fieldsശ്രീനാഥ് ബി. നായർ, ശ്രീനാഥിന്റെ സഹോദരി ശ്രീദേവിയും ഭർത്താവ് എം. വിപിനും
കൊച്ചി: ആലുവ സ്വദേശിയായ 43കാരൻ ശ്രീനാഥ് ബി. നായർ ഇന്ന് രണ്ടാം ജന്മത്തിലാണ്. ഈ പുതുജീവിതം അദ്ദേഹത്തിന് സമ്മാനിച്ചത് സ്വന്തം സഹോദരിയും അവരുടെ ഭർത്താവും ചേർന്നാണ്. കരളും വൃക്കയും തകരാറിലായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ശ്രീനാഥ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ ആയിരുന്നു. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവെക്കേണ്ട നിർണായക അവസ്ഥയിലെത്തിയ ശ്രീനാഥിനെ കുടുംബാംഗങ്ങൾ തന്നെ ചേർത്ത് പിടിക്കുകയായിരുന്നു.
ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് കാലിൽ ചെറിയൊരു കുരുവന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. മുറിവ് ഉണങ്ങാത്ത അവസ്ഥയും കടുത്ത പനി ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി വാസത്തിനു ശേഷവും ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായില്ല. ആസ്റ്റർ മെഡ്സിറ്റിയിലെ പരിശോധനയിൽ ക്രിയാറ്റിന്റെ അളവ് വളരെ കൂടുതലാകുകയും അടിയന്തരമായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു.
കരളും വൃക്കയും മാറ്റിവെക്കാൻ അനുയോജ്യരായ ഇരട്ട ദാതാക്കളെ കണ്ടെത്തുക എന്നത് കഠിനമായ വെല്ലുവിളിയായി. അപ്പോഴാണ് ആശാവർക്കർ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി സഹോദരന് വൃക്കനൽകാൻ സന്നദ്ധത അറിയിച്ചത്. തുടർന്ന് ശ്രീദേവിയുടെ ഭർത്താവ് വിപിൻ കരളും നൽകാൻ തയാറായി. ജോയ് ആലുക്കാസിന്റെ എം.ജി റോഡ് ബ്രാഞ്ചിലെ അസി. മാനേജറാണ് വിപിൻ. ഡോ. മാത്യു ജേക്കബ്, ഡോ. വി നാരായണൻ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.