ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി അയൽവാസി തൂങ്ങിമരിച്ചു
text_fieldsകൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കൽ വില്യംസ് കൊറയയാണ് (52) വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (52), മേരി (46) എന്നിവരെ തീകൊളുത്തിയ ശേഷം വീട്ടിൽ തൂങ്ങിമരിച്ചത്.
വ്യക്തിവൈരാഗ്യമാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ദമ്പതികൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 50 ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്‌റ്റഫർ ഗുരുതരാവസ്ഥയിലാണ്.
എറണാകുളം ലൂർദ് ആശുപത്രിക്ക് സമീപം ഗോൾഡ് സ്‌ട്രീറ്റിൽ വെള്ളിയാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ക്രിസ്റ്റഫറും മേരിയും പള്ളിയിൽനിന്ന് സ്കൂട്ടറിൽ മടങ്ങിവരവേ വഴിയിൽനിന്ന വില്യംസ് ഇവരുടെ ദേഹത്ത് കുപ്പിയിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർകൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബഹളംകേട്ട് നാട്ടുകാർ നോർത്ത് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വില്യംസിനെ കണ്ടെത്തി.
വില്യംസ് ക്രിസ്‌റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്കുണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ ദമ്പതികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ക്രിസ്‌റ്റഫർ വീട്ടിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും വില്യംസ് ഇവരുമായി വഴക്കുണ്ടാക്കിയിരുന്നെന്ന് പരിസരവാസികൾ പറയുന്നു. മരിച്ച വില്യംസ് അവിവാഹിതനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.