മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളും ഭർത്താവും കണ്ണൂരിലെ വീട്ടിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം
text_fieldsകണ്ണൂര്‍: കോർപറേഷൻ പരിധിയിലെ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മരണം.
വ്യാഴാഴ്ച വൈകീട്ട് 5.45നാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നു വരുന്ന മകനെ വിമാനത്താവളത്തിൽനിന്നും കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാന്‍ ഡ്രൈവര്‍ സരോഷ് വീട്ടിലെത്തി ദമ്പതികളെ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഡ്രൈവര്‍ വളപട്ടണം പൊലീസില്‍ വിവരം അറിയിച്ചു. അയല്‍വാസികള്‍ വീട് തുറന്ന് അകേത്തക്ക് കടന്നപ്പോഴാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.
തുടര്‍ന്ന് വളപട്ടണം പൊലീസും സ്ഥലത്തെത്തി. ഇരുവരെയും വ്യാഴാഴ്ച വീട്ടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗേറ്റിലെ ബോക്സില്‍ ദിനപത്രവും എടുക്കാതെ ഉണ്ടായിരുന്നു. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന നിലയിലാണ്.
ഭര്‍ത്താവ് പ്രേമരാജന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍ രാജ്, ഇന്‍സ്പെക്ടര്‍ പി. വിജേഷ്, എസ്.ഐ ടി.എം. വിപിന്‍ എന്നിവര്‍ വീട്ടില്‍ പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്േമാര്‍ട്ടം വെള്ളിയാഴ്ച രാവിലെ നടക്കും.
മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. പ്രേമരാജന്‍ സാവോയി ഹോട്ടലിലെ മാനേജറായി ജോലി ചെയ്തിരുന്നു. മക്കള്‍: പ്രബിത്ത് (ആസ്ട്രേലിയ), ഷിബിന്‍ (ബഹ്ൈറന്‍).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.