പടന്നക്കാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച
text_fieldsപ്രതി സലീം എന്ന സൽമാൻ
കാഞ്ഞങ്ങാട് (കാസർകോട്): നാടിനെ നടുക്കിയ പടന്നക്കാട് പീഡനക്കേസിലെ പ്രധാന പ്രതി കുടക് നാപ്പോക്ക് സ്വദേശി സലീം എന്ന സൽമാനും (38) രണ്ടാം പ്രതിയായ സൽമാന്‍റെ സഹോദരി സുഹൈബയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഹോസ്ദുർഗ് ഫാസ്‌റ്റ് ട്രാക് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എം. സുരേഷാണ് ശനിയാഴ്ച പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചത്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് കോടതി വിധി.
2024 മേയ് 15ന് രാത്രിയാണ് സംഭവം. പെൺകുട്ടി വല്യച്ഛനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് വല്യച്ഛൻ പശുവിനെ കറക്കാൻപോയ സമയത്താണ് പെൺകുട്ടിയെ മുറിയിൽനിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. വാതിൽ ചാരിയിടുക മാത്രമാണുണ്ടായിരുന്നത്. വല്യച്ഛൻ പുറത്തിറങ്ങുന്നതും കാത്ത് സൽമാൻ രാത്രി വീടിനുപുറത്ത് കഴിയുകയായിരുന്നു. ഏറെദൂരം ചുമന്നുകൊണ്ടുപോയി വയലിൽ വെച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടി ഉണർന്ന് ബഹളംവെച്ചെങ്കിലും ഭീഷണിപ്പെടുത്തുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. പീഡനത്തിനുശേഷം കമ്മലുകൾ ഊരിയെടുത്തു.
പിന്നീട് റെയിൽവേ സ്റ്റേഷനിൽ എത്തിയ സൽമാൻ, കണ്ണൂർ കൂത്തുപറമ്പിലെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. സഹോദരിയുടെ സഹായത്തോടെ കമ്മലുകൾ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിറ്റു. പിന്നീട് ബംഗളൂരു വഴി ആന്ധ്രപ്രദേശിലേക്ക് കടക്കുകയായിരുന്നു. അവിടെ ഹോട്ടൽ ജോലി ചെയ്യുന്നതിനിടെയാണ് ഹോസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന പേരാവൂർ ഡിവൈ.എസ്.പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.
60 സാക്ഷികളെ ഫാസ്റ്റ് ട്രാക് സെഷൻസ് കോടതി വിസ്തരിച്ചു. ശാസ്ത്രീയതെളിവുകളടക്കം 117 രേഖകൾ അന്വേഷണസംഘം കോടതിയിലെത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ എം.പി. ആസാദിന്റെ നേതൃത്വത്തിൽ 39 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏഴുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് ജഡ്ജി പി.എം. സുരേഷ് കേസിൽ വിധിപറയുന്നത്.
പ്രതിയെ രാവിലെ ജയിലിൽനിന്ന് കോടതിയിൽ എത്തിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ സുഹൈബയും കോടതിയിൽ ഹാജരായിരുന്നു. ശിക്ഷ ഇളവുചെയ്യണമെന്നും വിവാഹിതനാണെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. രാവിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച ഉച്ചക്കുശേഷം വിധിപറയുമെന്ന് ജഡ്ജി പറഞ്ഞു. എന്നാൽ, അൽപം കഴിഞ്ഞ് വിധിപറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രതിയെ ജയിലിലേക്കുതന്നെ കൊണ്ടുപോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.