കോടതി വാർത്ത തെറ്റായി പ്രചരിപ്പിച്ചു: ഒല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് ഹൈകോടതി വിമർശനം
text_fieldsകേരള ഹൈകോടതി
കൊച്ചി: കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് വാർത്ത സമ്മേളനം നടത്തി കോടതിയുടെ പേരിൽ അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിച്ചെന്ന ഹരജിയിൽ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് ഹൈകോടതി. ഡിജിറ്റൽ റീസർവേക്ക് ഉപകരണങ്ങൾ വാങ്ങിയതിലും മറ്റും കോടികളുടെ ക്രമക്കേട് ആരോപിച്ച് ഹരജി നൽകിയ ഒല്ലൂർ മണ്ഡലത്തിൽ റവന്യൂ മന്ത്രി കെ. രാജനെതിരെ മൽസരിക്കുന്ന കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്തിനെതിരെയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഷാജി നൽകിയ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിന്റെ മുൻപേജിൽ ഒരാഴ്ചക്കകം ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം.
കോടതി നിർദേശ പ്രകാരം ഹാജരായ ബന്ധപ്പെട്ട പത്രാധിപർ, തെറ്റായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ചു. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രം ഇതിന്റെ ശരിയായ വാർത്ത പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചു. ഇതിനുശേഷം ഇരുവരും സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശമുണ്ട്.
കോടതി പറയാത്ത കാര്യങ്ങൾ ഹർജിക്കാരൻ വാർത്തസമ്മേളനത്തിലൂടെ പ്രചരിപ്പിച്ചെന്ന് കാണിച്ച് റവന്യൂ മന്ത്രി കെ. രാജൻ രജിസ്ട്രാർക്ക് നൽകിയ പരാതിയെ തുടർന്നാണ് വിഷയത്തിൽ കോടതി ഇടപെട്ടത്. ഡിജിറ്റൽ സർവേ ഉപകരണങ്ങളുടെ ടെൻഡറിലടക്കം നടന്ന ക്രമക്കേടിലൂടെ പൊതുഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹരജിയിലെ കോടതി ഉത്തരവ് തെറ്റായി പ്രചരിപ്പിച്ചെന്നാണ് ആരോപണം. വിഷയം ഏപ്രിൽ ആറിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

