സി.പി.ഐ-സി.പി.എം ബന്ധം: കലഹിച്ചും കലർന്നും ആറ് പതിറ്റാണ്ട്
text_fieldsതിരുവനന്തപുരം: അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ 1964ൽ വഴിപിരിഞ്ഞതുമുതൽ ഏറിയും കുറഞ്ഞും ആശയസംഘർഷങ്ങളുടെ പാതയിലൂടെയാണ് സി.പി.ഐ-സി.പി.എം ബന്ധം ആറ് പതിറ്റാണ്ട് പിന്നിടുന്നത്. 1967ൽ സപ്തകക്ഷി സർക്കാറിന്‍റെ ഭാഗമായെങ്കിലും രണ്ടുവർഷം തികഞ്ഞപ്പോൾ സർക്കാർ നിലംപൊത്താൻ കാരണം ഇരു പാർട്ടികളും തമ്മിലെ പടലപ്പിണക്കങ്ങളാണ്. 1979ൽ ഇടതുമുന്നണി രൂപപ്പെട്ടശേഷവും ഏറ്റുമുട്ടലുകൾ തുടർന്നു. അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസ് സഖ്യത്തിന്‍റെ പേരിൽ സി.പി.എമ്മിന്‍റെ ആക്രമണശരങ്ങൾക്ക് സി.പി.ഐ കാര്യമായി വിധേയമായി.
പ്രതിപക്ഷത്തിരിക്കുമ്പോഴല്ല, ഭരണപക്ഷത്തുള്ളപ്പോഴാണ് സി.പി.എം-സി.പി.ഐ തർക്കം കൂടുതൽ പ്രകടമാവുക. ഭരണകാര്യങ്ങളിലെ വീഴ്ചകളും നയവ്യതിയാനങ്ങളുമാണ് പലപ്പോഴും സി.പി.ഐയെ പ്രകോപിപ്പിക്കുന്നത്. മുന്നണിയിലെ വലിയ കക്ഷിയെന്ന നിലയിൽ സി.പി.എമ്മിനെതിരെയാണ് ആരോപണങ്ങളെല്ലാം. ഘടകകക്ഷികളുടെ നയവ്യതിയാനങ്ങളിൽ സി.പി.എം കണ്ണടക്കുമ്പോഴും സി.പി.ഐ വടിയെടുത്ത അനുഭവങ്ങളുണ്ട്. കായൽ നികത്തൽ കേസിൽ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ കാബിനറ്റ് ബഹിഷ്കരണമടക്കം പ്രഖ്യാപിച്ചത് ഉദാഹരണം. ഇടതുപുനരൈക്യത്തെക്കുറിച്ച് ഇരു പാർട്ടികളുടെയും സമ്മേളനകാലത്ത് ചർച്ചകൾ നടക്കാറുണ്ടെങ്കിലും അതെല്ലാം സിമ്പോസിയങ്ങളിലും പ്രബന്ധങ്ങളിലും കെട്ടടങ്ങുകയാണ് പതിവ്.
പി.കെ.വി, വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ, കാനം രാജേന്ദ്രൻ തുടങ്ങിയവർ സി.പി.ഐ അമരത്തിരുന്ന കാലത്ത് കൊമ്പുകോർക്കലുകൾ മുറുകി. ഒന്നും രണ്ടും പിണറായി ഭരണത്തിലും ഏറ്റുമുട്ടൽ ശക്തമായി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മാവോയിസ്റ്റ് വേട്ടക്കെതിരെ കാനം സ്വരം കടുപ്പിച്ചപ്പോൾ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തി. വ്യാജവാർത്തകൾക്കെതിരെ കടുത്ത വകുപ്പുകൾ ഉൾപ്പെടുത്തി സർക്കാർ പൊലീസ് നിയമപരിഷ്കാരം കൊണ്ടുവന്നപ്പോൾ കാനം തിരുത്തൽശക്തിയായി. ഒടുവിൽ സി.പി.എം പിൻവാങ്ങി.
ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായശേഷം ഭരണകാര്യങ്ങളിൽ എതിർപ്പുകൾ കടുപ്പിച്ചെങ്കിലും സി.പി.എം ഗൗരവത്തിലെടുത്തില്ല. നടൻ എം. മുകേഷ് എം.എൽ.എക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തപ്പോൾ രാജിവെക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും സി.പി.എം ചെവിക്കൊണ്ടില്ല. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബില്ലിനെ സി.പി.ഐ മന്ത്രിമാർ ആദ്യം എതിർത്തെങ്കിലും പിന്നീട് പാസായി. സ്വകാര്യ മേഖലയിൽ ഡിസ്റ്റിലറി അനുവദിക്കുന്നതിൽ സി.പി.ഐ എതിർപ്പറിയിച്ചെങ്കിലും സർക്കാർ തീരുമാനത്തിൽ ഉറച്ചുനിന്നു.
സർക്കാർ പരിപാടിയില്‍ വിട്ടുനിന്ന് മന്ത്രി ജി.ആര്‍. അനില്‍
കണ്ണൂര്‍: പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് സർക്കാർ പരിപാടിയില്‍ വിട്ടുനിന്ന് സി.പി.ഐ. ശനിയാഴ്ച കണ്ണൂരില്‍ നടന്ന രണ്ട് പരിപാടികളിലും മന്ത്രി ജി.ആര്‍. അനില്‍ പങ്കെടുത്തില്ല. നവീകരിച്ച പയ്യാവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെയും വളക്കൈ സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടകനായി മന്ത്രിയെ ആയിരുന്നു നിശ്ചയിച്ചത്. ഇതിന്റെ പോസ്റ്ററുകളും തയാറാക്കിയിരുന്നു. മന്ത്രി പങ്കെടുക്കുമെന്നാണ് രാവിലെ വരെ സംഘാടകർക്ക് ലഭിച്ച വിവരം.
എന്നാല്‍, 10ഓടെ മന്ത്രി പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ മന്ത്രി വി. ശിവൻകുട്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി അനിലും പങ്കെടുത്തു. മൂവരും ഒന്നിച്ചുനിൽക്കുന്ന ചിത്രം ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. മന്ത്രി അനിൽ വരാത്തതിനാൽ പയ്യാവൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറും വളക്കൈയിലേത് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് മോഹനനുമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി പിന്മാറിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

