കമ്യൂണിസ്റ്റ് ഐക്യം ആഹ്വാനം ചെയ്ത് സി.പി.ഐ കരട് രാഷ്ട്രീയ പ്രമേയം
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 21മുതൽ 25 വരെ ചണ്ഡീഗഢിൽ നടക്കുന്ന സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷട്രീയ പ്രമേയത്തിന്റെ കരട് പുറത്തിറക്കി. കമ്യൂണിസ്റ്റ് ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ മാവോവാദികളോട് ആയുധം ഉപേക്ഷിച്ച് ജനാധിപത്യ മാർഗത്തിലേക്ക് വരാനും ആവശ്യപ്പെടുന്നു.
വർധിച്ചുവരുന്ന സ്വേച്ഛാധിപത്യം, കോർപറേറ്റ് ആധിപത്യം, വർഗീയധ്രുവീകരണം തുടങ്ങിയവ ചെറുക്കാൻ ഇടത് ഐക്യം അടിത്തറയാക്കി മതേതര, ജനാധിപത്യശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്നും കരട് പ്രമേയം പുറത്തുവിട്ട് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് നിരവധി തടസ്സങ്ങൾ നേരിടേണ്ടിവന്നു. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിലും ജനങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കുന്നതിലും സി.പി.ഐ പ്രധാന പങ്കുവഹിച്ചു. സീറ്റു പങ്കുവെക്കലായിരുന്നു ഏറ്റവും വലിയ തടസ്സമുണ്ടാക്കിയത്. ബലഹീനതകളുണ്ടായിരുന്നിട്ടും, ഇൻഡ്യ മുന്നണി തെരഞ്ഞെടുപ്പ് പ്രതിരോധം സാധ്യമാണെന്ന് കാണിച്ചു. ഭരണഘടനയെ അട്ടിമറിച്ച് ഭരണകൂടത്തിന്റെ സ്വഭാവത്തെ മാറ്റിമറിക്കുകയെന്നത് ബി.ജെ.പി -ആർ.എസ്.എസ് പ്രഖ്യാപിതലക്ഷ്യമാണെന്നും ഡി. രാജ വിശദീകരിച്ചു. രാഹുൽ ഗാന്ധിയുടെ വയനാട് മത്സരവും പ്രതിപക്ഷ ഐക്യത്തെ ബാധിക്കാൻ കാരണമായെന്ന സി.പി.ഐ നേരത്തെ ഉന്നയിച്ച ആരോപണവും കരട് പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവെന്ന നിലയിൽ ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടി രാഹുൽ ഗാന്ധി വ്യക്തമായ സന്ദേശം നൽകണം. പക്ഷേ, അതുണ്ടാകുന്നില്ല.
ബി.ജെ.പിക്കെതിരെ കരുത്തുറ്റ രാഷ്ട്രീയ ബദൽ കെട്ടിപ്പടുക്കണമെങ്കിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം താഴെത്തട്ടിലിറങ്ങി കൂടുതൽ ജനാധിപത്യപരമായ നേതൃമികവ് പ്രകടിപ്പിക്കണമെന്നും സി.പി.ഐ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.