സി.പി.എം നിലപാട് തള്ളി സി.പി.ഐ; മോദി സർക്കാർ ഫാഷിസ്‌റ്റ് തന്നെ
text_fieldsസി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുന്ന ആലപ്പുഴ കളർകോട് എസ്.കെ കൺവെൻഷൻ സെന്‍ററിലെ രക്തസാക്ഷി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ചശേഷം അഭിവാദ്യം ചെയ്യുന്ന ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ
ആലപ്പുഴ: നരേന്ദ്ര മോദി സർക്കാർ ഫാഷിസ്റ്റ് ഭരണകൂടമാണെന്നതിൽ സി.പി.ഐക്ക് ഒട്ടും തർക്കമില്ല. സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ ഇക്കാര്യം കൂടുതൽ വ്യക്തമാക്കി. വംശാധിപത്യ വാസനയും അതിരില്ലാത്ത കോർപറേറ്റ് വിധേയത്വവും മുഖമുദ്രയാക്കിയ ബി.ജെ.പി-ആർ.എസ്.എസ് ഭരണകൂടം ഫാഷിസ്റ്റാണെന്ന് സി.പി.ഐ ഉറച്ചുവിശ്വസിക്കുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
നവ ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്നാണ് സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും സി.പി.എം വ്യക്തമാക്കിയിരുന്നത്. അന്ന് ഇതിനോട് വിയോജിച്ച സി.പി.ഐ, സംസ്ഥാന സമ്മേളന റിപ്പോർട്ടിലൂടെ സി.പി.എം നിലപാടിനെ പൂർണമായും തള്ളുകയാണ്. ജനാധിപത്യവും മതേതരത്വവും മോദി ഭരണത്തിൽ കടുത്ത വെല്ലുവിളി നേരിടുകയാണ്. മുസ്ലിംകളെയും ക്രിസ്ത‌്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യേണ്ട ആഭ്യന്തര ശത്രുക്കളായി കാണുന്ന ‘വിചാരധാര’ പിൻപറ്റുന്നവരാണ് രാജ്യം ഭരിക്കുന്നത്.
ബി.ജെ.പി-ആർ.എസ്.എസ് ഭരണകൂടം ഫാഷിസ്റ്റാണെന്ന ഉറച്ച വിശ്വാസത്തിലാണ് വിശാല ഫാഷിസ്റ്റ് വിരുദ്ധ സഖ്യത്തിനായി പാർട്ടി നേരത്തേ ആഹ്വാനം ചെയ്തതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ ജനറൽ സെക്രട്ടറി ഡി. രാജയും മോദി സർക്കാറിനെ ഫാഷിസ്റ്റ് ഭരണകൂടം എന്നാണ് വിശേഷിപ്പിച്ചത്.
പാർട്ടി അംഗത്വം കൂടിയെന്ന് പ്രവർത്തന റിപ്പോർട്ട്
ആലപ്പുഴ: പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ നേരിയ പുരോഗതിയുണ്ടെങ്കിലും വർഗബഹുജന സംഘടനകളിൽ കാലോചിതമായി അംഗത്വ വർധനയില്ലെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പാർട്ടിയുടെ അംഗസംഖ്യ 3,594 പേർ കൂടി 1,63,572 പേരായി. 13,318 ബ്രാഞ്ചുകളിലായാണ് ഇത്രയും അംഗങ്ങളുള്ളത്. ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങൾ കൊല്ലത്താണ് -33,220 പേർ. തൊട്ടുപിന്നിൽ തിരുവനന്തപുരവും തൃശൂരുമാണ്. ഇവിടങ്ങളിൽ യഥാക്രമം 21,670ഉം 18,945ഉം പാർട്ടി അംഗങ്ങളാണുള്ളത്. അംഗസംഖ്യ ഏറ്റവും കുറവ് വയനാട്ടിലാണ്. ഇവിടെ 2,545 പേരേയുള്ളൂ.
മറ്റുപല സംഘടനകളിലും അംഗത്വം വർധിക്കുമ്പോൾ പാർട്ടിയുടെ വർഗ-ബഹുജന സംഘടനകളുടെ അംഗത്വത്തിൽ വലിയ കുറവാണ് വരുന്നത്. എ.ഐ.എസ്.എഫിലും എ.ഐ.വൈ.എഫിലും വിദ്യാർഥികളെയും യുവജനങ്ങളെയും അംഗങ്ങളാക്കാൻ സജീവ ഇടപെടൽ ഉണ്ടാവുന്നില്ല. അതിനാൽ പാർട്ടിയിലേക്ക് കടന്നുവരുന്ന കേഡർമാരുടെ എണ്ണത്തിലും വർധനയില്ല. കൊഴിഞ്ഞുപോക്കിനനുസരിച്ച് പുതിയവരെ അംഗത്വത്തിലേക്ക് കൊണ്ടുവരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.