സി.പി.ഐ സംസ്ഥാന സമ്മേളനം 30 മുതൽ
text_fieldsതിരുവനന്തപുരം: 24 ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ തലസ്ഥാനത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 563 പ്രതിനിധികൾ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും.
30ന് വൈകീട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് പതാക, ബാനർ, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ടി.ടി. ജിസ്മോന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എറ്റുവാങ്ങും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ.പി. രാജേന്ദ്രന്‍റ നേതൃത്വത്തിൽ കൊണ്ടുവരുന്ന ബാനർ കെ. പ്രകാശ്ബാബുവും നെയ്യാറ്റിൻകര സ്വദേശാഭിമാനി-വീരരാഘവൻ സ്മൃതി മണ്ഡപത്തിൽനിന്ന് ജെ. വേണുഗോപാലൻ നായരുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന കൊടിമരം സത്യൻ മൊകേരിയും ഏറ്റുവാങ്ങും.
കേന്ദ്ര കൺേട്രാൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒന്നിന് രാവിലെ കുടപ്പനക്കുന്ന് ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പി. വസന്തത്തിന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖ 9.30ന് പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോർ ഹാളിൽ (വെളിയം ഭാഗവൻ നഗർ) കാനം രാജേന്ദ്രൻ ഏറ്റുവാങ്ങും. സി. ദിവാകരൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
അതുൽ കുമാർ അഞജാൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മാഈൽ എന്നിവരും സംസാരിക്കും. വൈകുന്നേരം നാലിന് ടാഗോർ തിയറ്ററിൽ 'ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും' വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ മൂന്നിന് സംസ്ഥാന കൗൺസിലംഗങ്ങളെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
താൻ സെക്രട്ടറിയായ ശേഷം 57,000 പുതിയ അംഗങ്ങൾ -കാനം
തിരുവനന്തപുരം: താൻ സംസ്ഥാന സെക്രട്ടറിയായ ശേഷം പുതുതായി 57,000 അംഗങ്ങൾ സി.പി.ഐയിൽ ചേർന്നതായി കാനം രാജേന്ദ്രൻ. 2016ൽ താൻ ചുമതലയേറ്റപ്പോൾ 1.20 ലക്ഷമായിരുന്നു പാർട്ടി അംഗസംഖ്യ. ഇപ്പോൾ 1.70 ലക്ഷം അംഗങ്ങളാണുള്ളത്. നവാഗതരിൽ സി.പി.എം അടക്കം പാർട്ടിയിൽനിന്ന് വന്നവരുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പദവിയിൽ മൂന്നാം ഊഴ സാധ്യതകൾ തള്ളാതിരുന്ന കാനം രാജേന്ദ്രൻ, പാർട്ടി ഭരണഘടനപ്രകാരം സംസ്ഥാന സെക്രട്ടറിയായി മൂന്നുതവണ അനുവദിക്കുന്നുണ്ടെന്നും പറഞ്ഞു. വെള്ളം പൊങ്ങാൻ പോകുന്നെന്ന് പറഞ്ഞ് മുണ്ട് മാടിക്കുത്തേണ്ടതുണ്ടോയെന്നായിരുന്നു സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സര സാധ്യതയോടുള്ള പ്രതികരണം. മുഖ്യമന്ത്രിക്കെ തിരെ ചില സമ്മേളനങ്ങളിൽ ഉണ്ടായ വിമർശനം പാർട്ടിയുടേതല്ല ചില വ്യക്തികളുടേത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.