കെ.ഇ. ഇസ്മയിൽ ഇല്ലാതെ സി.പി.ഐ സംസ്ഥാന സമ്മേളനം; പങ്കെടുപ്പിക്കേണ്ടെന്ന് ജില്ല നേതൃത്വം
text_fieldsകെ.ഇ. ഇസ്മയിൽ
പാലക്കാട്: സെപ്റ്റംബർ ഒമ്പതു മുതൽ 12 വരെ ആലപ്പുഴയിൽ സി.പി.ഐ സംസ്ഥാന സമ്മേളനം ചേരാനിരിക്കേ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന കാര്യത്തിൽ ഉറച്ച് ജില്ല നേതൃത്വം. ജില്ല നേതൃത്വത്തിന്റെ നിർദേശം സംസ്ഥാന സമിതി അംഗീകരിച്ചതോടെ സംസ്ഥാന സമ്മേളനത്തിൽ ക്ഷണിതാവായിപ്പോലും അദ്ദേഹത്തിന് ഇടമുണ്ടാവില്ല.
പാർട്ടിയുമായി അടുപ്പമുള്ളവരെപ്പോലും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുപ്പിക്കാറുള്ള സി.പി.ഐ, ഇസ്മയിലിനെ മാറ്റിനിർത്തുന്നതിനെ ചൊല്ലി പാർട്ടിക്കുള്ളിൽതന്നെ മുറുമുറുപ്പ് ഉയരുകയാണ്. 1968ൽ സി.പി.ഐ സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോട്ടയം സമ്മേളനം മുതൽ എല്ലാ സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുത്ത അദ്ദേഹം ആദ്യമായാണ് ഒഴിവാക്കപ്പെടുന്നത്.
75 വയസ്സ് പിന്നിട്ടതിനെ തുടർന്ന് പാർട്ടിയുടെ നേതൃഘടകങ്ങളിൽനിന്ന് ഒഴിവായെങ്കിലും ഇസ്മയിൽ സി.പി.ഐയിൽ സ്വാധീനശക്തിയായി തുടരുകയാണ്. ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെട്ട ഇസ്മയിൽ അടക്കമുള്ള മുതിർന്ന നേതാക്കൾ ജില്ല ഘടകങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കട്ടെയെന്നാണ് 2022 നവംബർ 30ന് ചേർന്ന സി.പി.ഐ സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചിരുന്നത്. അക്കാലത്ത് ജില്ല നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന ഇസ്മയിൽ സി.പി.ഐ നേതാവ് പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രതികരണം ഒടുവിൽ സംസ്ഥാനതലത്തിൽ സസ്പെൻഷന് കാരണമായി.
സി.പി.ഐ ജില്ല സമ്മേളനത്തിൽനിന്ന് മാറ്റിനിർത്തിയ ഇസ്മയിലിന്റെ സസ്പെന്ഷന് പിൻവലിക്കുന്നത് സസ്പെൻഷൻ കാലാവധി തീരുന്ന ആഗസ്റ്റിൽ തീരുമാനിക്കാമെന്ന് സംസ്ഥാന നിര്വാഹകസമിതി തീരുമാനിച്ചിരുന്നെങ്കിലും ജില്ല കൗൺസിലുകളിലും എക്സിക്യൂട്ടിവുകളിലും വിഷയം പരിഗണിക്കപ്പെട്ടില്ല.
ഈ മാസം സംസ്ഥാന സമ്മേളനവും തുടർന്ന് പാർട്ടി കോൺഗ്രസും നടക്കാനിരിക്കെ രണ്ടു സമ്മേളനങ്ങളിലും ഇസ്മയിലിന് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. സംസ്ഥാന സമ്മേളനത്തിൽനിന്ന് പുറത്താക്കപ്പെട്ടതിൽ കടുത്ത വിഷമമാണുള്ളതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. ഇസ്മയിൽ ഒഴികെ മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളെ മുഴുവൻ സംസ്ഥാന സമ്മേളനത്തിന് ക്ഷണിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.