യു.കെ. സലീം വധം: പിന്നിൽ സി.പി.എം -ആരോപണവുമായി പിതാവ്
text_fieldsയു.കെ സലീം
കണ്ണൂർ: സി.പി.എം പ്രവർത്തകനായ മകന്റെ കൊലക്ക് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ. പുന്നോൽ ഉസ്സൻ മൊട്ടയിൽ കൊല്ലപ്പെട്ട യു.കെ. സലീമിന്റെ പിതാവ് കെ.പി. യൂസഫാണ് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. കോടതിയിൽ നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു.
എൻ.ഡി.എഫ് പ്രവർത്തകനായ തലശ്ശേരി ഒളിയിലക്കണ്ടി പി.കെ. മുഹമ്മദ് ഫസൽ വധത്തിനുശേഷം യുവാക്കളായ സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസൽ വധക്കേസിലെ ചില രഹസ്യങ്ങൾ തനിക്ക് അറിയാമെന്നും ഫസൽ വധത്തിലും തുടർന്നുണ്ടായ കൊലപാതകങ്ങളിലും പൊലീസ് അന്വേഷണം ശരിയായി നടന്നില്ലെന്നുമാണ് യൂസഫിന്റെ തുറന്നുപറച്ചിൽ. സലീമിന് വെട്ടേറ്റ സ്ഥലത്തുനിന്ന് അരമണിക്കൂർ വൈകിയാണ് മാഹി ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തലശ്ശേരിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നില്ല- യൂസഫ് പറയുന്നു. സലീം കൊലക്കേസിൽ പിതാവ് യൂസഫിനെ അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് മുമ്പാകെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചിരുന്നു. ഇൗ മൊഴിയാണ് യൂസഫ് ആവർത്തിച്ചത്.
പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടായിരുന്നില്ല. അതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതിയിൽ ഹരജി നൽകി. അത് കോടതി തള്ളി. കാലതാമസമുണ്ടായതിനാലാണ് തള്ളിയത്.
സംഭവദിവസം രാത്രി സലീമിനോട് എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചതുകൊണ്ട് പോകുകയാണെന്ന് പറഞ്ഞു. മകന്റെ കൊക്കേസിൽ പൊലീസ് തന്നെ സാക്ഷിയാക്കിയില്ല. സലീമിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫോൺ ലഭിച്ചില്ല. കേസിലെ പ്രതികൾ രക്ഷപ്പെടണമെന്ന ആഗ്രഹമില്ല.
സലീം മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് സുഹൃത്ത് റയീസ് ട്രെയിൻ തട്ടി മരിച്ചു. റയീസിനെ കൊന്ന് അവിടെ കൊണ്ടിട്ടതാണ്. റയീസിന്റെ മരണശേഷം സലീം ഭയന്ന് പുറത്തിറങ്ങാറില്ല. മകൻ മരിച്ചശേഷം സി.പി.എം രക്തസാക്ഷി ഫണ്ട് നൽകിയെന്നും മൊഴിയിലുണ്ട്. സലീമിന്റെ ചികിത്സ രേഖ 21ന് കോടതിയിൽ ഹാജരാക്കും. 2008 ജൂലൈ 23ന് രാത്രിയാണ് ഉസ്സൻമൊട്ടക്കും കിടാരംകുന്നിനുമിടയിലെ പ്രദേശത്തുവെച്ച് സലീം കൊല്ലപ്പെട്ടത്. എൻ.ഡി.എഫ് പ്രവർത്തകരായ ഏഴു പേരാണ് പ്രതികൾ. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. വിശ്വനും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി.സി. നൗഷാദുമാണ് ഹാജരായത്. ന്യൂമാഹി കിടാരംകുന്നിൽ താമസിക്കുന്ന യൂസഫ്, 1977ൽ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. പിന്നീട് അഖിലേന്ത്യ ലീഗിലെത്തി. 1980ൽ സി.പി.എം സഹായത്തോടെ ന്യൂമാഹി പഞ്ചായത്ത് അംഗമായി. 2005ൽ ഐ.എൻ.എൽ സഹായത്തോടെ പഞ്ചായത്ത് അംഗമായി. 2016ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബൂത്ത് ഏജന്റായി. ഇപ്പോൾ കോൺഗ്രസിലാണ്.
കല്ലുവെച്ച നുണ -എം.വി. ജയരാജൻ
കണ്ണൂർ: പുന്നോൽ ഉസ്സൻമൊട്ടയിൽ കൊല്ലപ്പെട്ട യു.കെ. സലീമിന്റെ പിതാവ് കെ.പി. യൂസഫിന്റെ വെളിപ്പെടുത്തൽ കല്ലുവെച്ച നുണയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ബി.ജെ.പിയും കോൺഗ്രസുമായി കഴിയുന്ന സ്ഥിരാഭിപ്രായമില്ലാത്ത യൂസഫിന്റെ വെളിപ്പെടുത്തൽ സ്വന്തം മകന്റെ കൊലയാളികളെ സംരക്ഷിക്കാനാണെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം പൊലീസിന് നൽകിയ മൊഴിയിലും ഇക്കാര്യം ഉണ്ടായിരുന്നില്ല. പാർട്ടി മാറിയ ശേഷമാണ് പ്രതികൾ സി.പി.എമ്മുകാരാണെന്ന് പറഞ്ഞുതുടങ്ങിയത്.
എൻ.ഡി.എഫുകാരാണ് പ്രതികളെന്നതിന് സലീം കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വ്യക്തി ദൃക്സാക്ഷിയാണ്. മറ്റുചില ദൃക്സാക്ഷികളുമുണ്ട്. അവരാരും പ്രതികൾ സി.പി.എമ്മുകാരാണെന്ന് മൊഴി നൽകിയിട്ടില്ല. യൂസഫ് പ്രതിഭാഗത്തിന്റെ സാക്ഷിയായാണ് കോടതിയിൽ ഹാജരായത്. കോടതിയിൽപോലും ഇത്തരത്തിലുള്ള മൊഴി നൽകിയിട്ടില്ല. കൊലയാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഇപ്പോൾ നടത്തുന്ന അഭിപ്രായങ്ങൾ ജനങ്ങൾ തള്ളണമെന്നും എം.വി. ജയരാജൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.